ഗാസ – ഗാസയില്‍ പത്തൊമ്പതു മാസമായി ഇസ്രായില്‍ തുടരുന്ന കൂട്ടക്കുരുതിക്ക് ശമനമില്ല. കഴിഞ്ഞ മണിക്കൂറുകളില്‍ ഉത്തര, ദക്ഷിണ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 250 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് അറിയിച്ചു. ഫലസ്തീന്‍ ജനതയോടുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഫലപ്രദമായ നടപടി സ്വീകരിക്കാനും ക്രൂരമായ കൂട്ടക്കൊല അവസാനിപ്പിക്കാന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്താനും ഗാസ മുനമ്പില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പട്ടിണിക്കിടയില്‍ മാനുഷിക സഹായം അനുവദിക്കാനും ഹമാസ് അറബ് രാജ്യങ്ങളോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലോകത്തിന്റെ മുഴുവന്‍ കണ്‍മുന്നില്‍, അഭൂതപൂര്‍വമായ രാഷ്ട്രീയ, ധാര്‍മ്മിക, മാനുഷിക പരാജയത്തെ പ്രതിഫലിപ്പിക്കുന്ന നിലക്ക് ഫലസ്തീന്‍ ജനത വംശഹത്യ നേരിടുന്നതായി പ്രസ്താവന പറഞ്ഞു.
ഉപരോധിക്കപ്പെട്ട ഗാസയില്‍ പലരും പട്ടിണിയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗാസ നിവാസികളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ ഹമാസ് അറബ് രാജ്യങ്ങളുടെ സഹായം തേടിയത്. 24 ലക്ഷം ജനസംഖ്യയുള്ള ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശിക്കുന്നത് മാര്‍ച്ച് രണ്ടു മുതല്‍ ഇസ്രായില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്ന്, ഇസ്രായിലും ഹമാസും തമ്മില്‍ ഗാസയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം പതിനഞ്ചു മാസത്തോളം പിന്നിട്ട ശേഷം നിലവില്‍ വന്ന രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം മാര്‍ച്ച് 18 ന് ഇസ്രായില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചു.
2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 53,119 ആയി ഉയര്‍ന്നതായും പരിക്കേറ്റവരുടെ എണ്ണം 1,20,214 ആയി ഉയര്‍ന്നതായും ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലെ ആശുപത്രികളില്‍ 109 മൃതദേഹങ്ങളും പരിക്കേറ്റ 216 പേരെയും എത്തിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന വെടിനിര്‍ത്തലിന് ശേഷം മാര്‍ച്ച് 18 ന് ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണം പുനരാരംഭിച്ച ശേഷം 2,985 പലസ്തീനികള്‍ കൊല്ലപ്പെടുകയും 8,173 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രസ്താവന പറഞ്ഞു. നിരവധി ഇരകള്‍ അവശിഷ്ടങ്ങള്‍ക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ക്കും അവരിലേക്ക് എത്താന്‍ കഴിയുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.