ജിഎച്ച്എഫ് സെന്ററിന് സമീപം നടന്ന വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട യൂസഫ് മഹ്മുദ് മൊഖൈമർ സംഭവം വിവരിക്കുന്നു:
“ഞങ്ങൾ ഡസൻ കണക്കിന് ആളുകൾ നടന്ന് പോകുകയായിരുന്നു. അപ്പോൾ ഞാൻ കണ്ടു, സൈന്യം ടാങ്കുകളിലും മറ്റു വാഹനങ്ങളിലും ഞങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നത്. ഞങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതിന് മുമ്പ് അവർ മുന്നറിയിപ്പ് വെടി ഉതിർത്തു.” മഹ്മൂദ് പറഞ്ഞു.
“അവർ ഞങ്ങളിലെല്ലാവർക്ക് നേരെയും വെടിയുതിർത്തു. എന്റെ കാലിന് വെടി കൊണ്ടു, എന്നെ രക്ഷിക്കാൻ ശ്രമിച്ചയാൾക്കും വെടികൊണ്ടു.”
“സൈന്യം ആറു പേരെ തടഞ്ഞ് വെച്ചതായി ഞങ്ങൾ കണ്ടു, അതിൽ മൂന്ന് കുട്ടികൾ ആയിരുന്നു. ഞങ്ങൾക്കറിയില്ല അവർ ഇപ്പോൾ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന്.” മഹ്മൂദ് കൂട്ടിചേർത്തു.
ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവലോകനം ചെയ്യുകയാണെന്നാണ് ഇസ്രായേൽ സൈന്യം ഇതേകുറിച്ച് പ്രതികരിച്ചത്. മുൻകാലങ്ങളിൽ, ആരെങ്കിലും സംശയാസ്പദമായി നീങ്ങുകയോ, സഹായത്തിനായി എത്തിചേർന്നവർ സൈന്യവുമായി അടുക്കുകയോ ചെയ്താൽ മുന്നറിയിപ്പ് വെടി നൽകാറുണ്ടെന്നും സൈന്യം പറഞ്ഞു.
യുഎനും അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളും ചേർന്നുള്ള സംവിധാനമായി ജിഎച്ച്എഫിനെ മാറ്റി സ്ഥാപിക്കണം എന്നാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്. സഹായമായി എത്തിക്കുന്ന വസ്തുക്കൾ ഹമാസ് മോഷ്ടിക്കുകയും അവരെ പരിപോഷിപ്പിക്കാനായി അത് ഉപയോഗിക്കുന്നു എന്നത് അമേരിക്കയും ഇസ്രായേലും ഒരുപോലെ ഉന്നയിച്ച വിമർശനമാണ്. എന്നാൽ ഇത് യു.എൻ നിഷേധിച്ചിട്ടുണ്ട്.
അടുത്തിടെ പ്രദേശത്ത് പുതിയ വേലി കെട്ടുകയും, സൈൻ ബോർഡുകൾ സ്ഥാപിക്കുകയും, സഹായം സ്വീകരിക്കാൻ ആയി എത്തുന്നവർക്ക് പുതിയ വഴികൾ തുറന്നതായും ഇസ്രായേൽ സൈന്യം പറഞ്ഞു.
ഫലസ്തീൻ പൗരന്മാരുടെ മരണത്തിൽ സൈന്യം ഹമാസിനെ കുറ്റപ്പെടുത്തി. ഹമാസിനെ മാത്രമാണ് തങ്ങൾ ആക്രമിച്ചത് എന്നാണ് ഇസ്രായേൽ സൈന്യം വാദിക്കുന്നത്. ഹമാസ് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും, ശേഷം സാധാരണക്കാർക്കിടയിൽ ഒളിച്ചിരിക്കുകയാണെന്നും സൈന്യം ആരോപിച്ചു.