റാമല്ല – വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന വെടിവെപ്പിൽ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരന്‍ നടത്തിയ വെടിവെപ്പിൽ ഒരാളും ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പിൽ ഒരാളും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹെബ്രോണിന്റെ വടക്കന്‍ പ്രവേശന കവാടത്തില്‍ ജൂതകുടിയേറ്റക്കാരന്‍ 32 വയസുകാരനായ ഫലസ്തീനി യുവാവിനെ അകാരണമായി വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ വര്‍ഷം വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 14 ഉം 2023 ഒക്ടോബര്‍ ഏഴു മുതല്‍ ജൂതകുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 35 ഉം ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി വഫാ പറഞ്ഞു.
നബ്ലസിന് കിഴക്കുള്ള ബെയ്ത്ത് ഫൂരിക് പട്ടണത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ച് 17 വയസുകാരന്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂതകുടിയേറ്റ കോളനികളില്‍ ലക്ഷക്കണക്കിന് ഇസ്രായിലികള്‍ താമസിക്കുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഈ കോളനികള്‍ നിയമവിരുദ്ധമാണെന്ന് കരുതുന്നു. എന്നാല്‍ ഇസ്രായില്‍ സര്‍ക്കാര്‍ വെസ്റ്റ് ബാങ്കുമായി തങ്ങള്‍ക്ക് മതപരവും ചരിത്രപരവുമായ ബന്ധമുണ്ടെന്ന് വാദിക്കുന്നു.
തെക്കന്‍ ഗാസ മുനമ്പിലെ റഫയുടെ വടക്ക് ഭാഗത്തിനു സമീപം ഇന്ന് വൈകുന്നേരം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മധ്യ ഗാസ മുനമ്പിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് കിഴക്ക് ഇസ്രായില്‍ സൈന്യം നടത്തിയ മറ്റൊരു വെടിവെപ്പില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഒക്ടോബര്‍ 10 ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 236 ആയി. 600 പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 502 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 68,865 ആയി ഉയര്‍ന്നു. 1,70,670 പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗാസ നിവാസികള്‍ നേരിടുന്ന ദുരിതപൂർണമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയിലും യുദ്ധത്തില്‍ കൊല്ലപ്പെട്ട കൂടുതല്‍ ആളുകളെ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്.



