തെല്‍അവീവ് – ഇസ്രായിലികളെ കൂട്ടത്തോടെ ഭീതിയാഴ്ത്തി മൊബൈല്‍ ഫോണുകളിലേക്ക് ഇറാന്റെ എസ്.എം.എസ് സന്ദേശങ്ങള്‍. എത്രയും വേഗം രാജ്യം വിടാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച വൈകുന്നേരം ആയിരക്കണക്കിന് ഇസ്രായിലികള്‍ക്ക് കൂട്ട ടെക്സ്റ്റ് സന്ദേശങ്ങള്‍ ലഭിച്ചതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആസന്നമായ മിസൈല്‍ ആക്രമണങ്ങളുടെ ഭീഷണി സന്ദേശങ്ങളില്‍ ഉണ്ടായിരുന്നു. ഇറാന്‍ റെവല്യൂണറി ഗാര്‍ഡിന്റെ ആക്രമണത്തില്‍ നിന്ന് ഒരു ഷെല്‍ട്ടറിനും അവരെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് എസ്.എം.എസ് മുന്നറിയിപ്പ് നൽകി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡാണ് സന്ദേശങ്ങള്‍ക്ക് പിന്നിലെന്ന് ഇസ്രായിലി വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു.
മേഖലയിലെ അവസാനത്തെ അമേരിക്കന്‍ റഡാര്‍ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടു… നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളോട് കള്ളം പറയുകയാണ്… രാജ്യം വിടൂ… മിസൈലുകള്‍ നിങ്ങളിലേക്കുള്ള വഴിയിലാണ്… റെവല്യൂഷണി ഗാര്‍ഡില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ഷെല്‍ട്ടറും ഇല്ല – ഹീബ്രുവില്‍ എഴുതിയ സന്ദേശം ഇങ്ങിനെയായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ ലക്ഷ്യമിട്ടുള്ള മാനസിക യുദ്ധ ശ്രമമായാണ് ഇസ്രായിലിന്റെ നാഷണല്‍ സൈബര്‍ ഡയറക്ടറേറ്റ് എസ്.എം.എസ് സന്ദേശങ്ങളെ വിശേഷിപ്പിച്ചത്.
മേഖലയിലുടനീളമുള്ള 10 അത്യാധുനിക അമേരിക്കന്‍ റഡാര്‍ സംവിധാനങ്ങളും ധാരാളം വിലകൂടിയ ഡ്രോണുകളും നശിപ്പിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നേരത്തെ അറിയിച്ചു. ഇക്കാര്യം അമേരിക്കയോ ഇസ്രായിലോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജോര്‍ദാനിലെ മുവഫഖ് അല്‍സല്‍ത്തി വ്യോമതാവളത്തില്‍, താഡ് മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ഉപയോഗിച്ചിരുന്ന 30 കോടി ഡോളര്‍ (2,786 കോടി രൂപ) വിലമതിക്കുന്ന പ്രധാന അമേരിക്കന്‍ റഡാര്‍ സംവിധാനം ഇറാന്‍ നശിപ്പിച്ചതിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോർട്ട് ചെയ്തു.
മേഖലയിലെ വ്യോമ, മിസൈല്‍ പ്രതിരോധ കവറേജിന് ഇത് വലിയ തിരിച്ചടിയായതായി ഉപഗ്രഹ ചിത്രങ്ങളുടെ പിന്തുണയോടെ എഎന്‍/ടിപിവൈ-2 റഡാറിന്റെ നാശം സ്ഥിരീകരിച്ച യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഏജന്‍സി പറഞ്ഞു. പിഎസി-3 മിസൈലുകളുടെ കുറവ് കാരണം ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന പാട്രിയറ്റ് സിസ്റ്റങ്ങളെയാണ് ഇന്റര്‍സെപ്ഷന്‍ ദൗത്യങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത്.
യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ജോര്‍ദാന്‍ താവളത്തില്‍ ആര്‍.ടി.എക്‌സ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച എഎന്‍/ടിപിവൈ-2 റഡാറും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് മിസൈല്‍ പ്രതിരോധ ബാറ്ററികളെ നയിക്കുന്നതില്‍ ഈ റഡാര്‍ ഒരു നിര്‍ണായക ഘടകമാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തറിലെ എഎന്‍/എഫ്പിഎസ്-132 റഡാറിനും ഇറാന്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
ദക്ഷിണ കൊറിയയിലെയും ഗുവാമിലെയും സിസ്റ്റങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി അമേരിക്കക്ക് എട്ട് താഡ് സിസ്റ്റങ്ങളുണ്ടെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നു. ഇതില്‍ ഓരോ ബാറ്ററിക്കും ഏകദേശം 100 കോടി ഡോളര്‍ ചെലവാകും. ഇതില്‍ 30 കോടി ഡോളര്‍ റഡാറിനുള്ള ചെലവാണ്.
ഒരു താഡ് ബാറ്ററിയില്‍ ഏകദേശം 90 ഉദ്യോഗസ്ഥരും ആറ് ട്രക്ക്-മൗണ്ടഡ് ലോഞ്ചറുകളും ഉള്‍പ്പെടുന്നു. ഒരു ലോഞ്ചറിന് എട്ട് മിസൈലുകള്‍ തോതില്‍ ആകെ 48 മിസൈലുകള്‍ ലോഞ്ചറുകള്‍ക്ക് വഹിക്കാന്‍ കഴിയും. കൂടാതെ ടിപിവൈ-2 റഡാര്‍, കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍സ് യൂണിറ്റുകള്‍ എന്നിവ താഡ് സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഉപയോഗിക്കുന്ന, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന ഓരോ മിസൈലിനും ഏകദേശം 1.3 കോടി ഡോളര്‍ വിലവരും.
അതേസമയം, മിഡില്‍ ഈസ്റ്റിലെ യുദ്ധം ആരംഭിച്ചതിനുശേഷം, ചാരവൃത്തി ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച ഡസന്‍ കണക്കിന് നിരീക്ഷണ ക്യാമറകള്‍ ഇറാന്‍ ഹാക്ക് ചെയ്യുന്നതായി കണ്ടെത്തിയതായി ഇസ്രായിലിന്റെ നാഷണല്‍ സൈബര്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഇത് ഇരുപക്ഷവും തമ്മിലുള്ള സൈനിക സംഘര്‍ഷത്തോടൊപ്പം വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഏറ്റുമുട്ടലിന്റെ പ്രതിഫലനമാണ്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രായില്‍ സൈബര്‍ ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു. ദേശീയമോ വ്യക്തിപരമോ ആയ സുരക്ഷാ അപകടങ്ങള്‍ തടയുന്നതിന് നിരീക്ഷണ ക്യാമറുകളുടെ പാസ്വേഡുകള്‍ മാറ്റാനും സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യാനും ഇസ്രായില്‍ സൈബര്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സമീപ വര്‍ഷങ്ങളില്‍ ഇറാനും ഇസ്രായിലും തമ്മില്‍ ആവര്‍ത്തിച്ച് സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇരുപക്ഷവും ഡിജിറ്റല്‍ നിഴല്‍ യുദ്ധം നടത്തുന്നു. ഇത് കഴിഞ്ഞ ജൂണിലും ഫെബ്രുവരി 28 നും ഉടലെടുത്ത തുറന്ന ഏറ്റുമുട്ടലിനിടെ മൂര്‍ധന്യാവസ്ഥയിലായി.
ക്യാപ്.
ഇസ്രായിലികളുടെ മൊബൈല്‍ ഫോണുകളില്‍ ലഭിച്ച ഇറാന്റെ എസ്.എം.എസ് സന്ദേശം.



