തെല്‍അവീവ് – ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവ് പ്രദേശത്ത് ഒരു സ്ത്രീ മരിച്ചതായി ഇസ്രായിലി മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഇറാന്‍ ആക്രമണങ്ങളില്‍ 21 പേര്‍ക്ക് പരിക്കേറ്റതായി ആംബുലന്‍സ് സര്‍വീസ് സ്ഥിരീകരിച്ചു. തെല്‍അവീവിലെ നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തന, അഗ്‌നിശമന സേനകളെ വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ സ്വത്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇറാന്‍ ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിച്ചതായി ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചു. നാശനഷ്ടങ്ങളും പരിക്കുകളും വിലയിരുത്താനായി രക്ഷാ സംഘങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് കെട്ടിടങ്ങളിലേക്ക് നീങ്ങുന്നുണ്ടെന്ന്, മിസൈല്‍ ആക്രമണമുണ്ടായ സ്ഥലങ്ങളിലൊന്നില്‍ നിന്ന് സംസാരിച്ച ഇസ്രായില്‍ പോലീസ് വക്താവ് ഡീന്‍ എല്‍സ്ഡണ്‍ പറഞ്ഞു. ഇസ്രായില്‍ പ്രതിരോധ മന്ത്രാലയവും സൈനിക താവളങ്ങളും മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.



