തെഹ്‌റാന്‍ – സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് സമീപ മാസങ്ങളില്‍ നടത്തിയ എല്ലാ നയതന്ത്ര ശ്രമങ്ങളെയും അമേരിക്ക അട്ടിമറിച്ചതായി ഇറാന്‍ കുറ്റപ്പെടുത്തി. ഇരുപക്ഷവും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം അമേരിക്ക ലംഘിച്ചതായും ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം വര്‍ധിപ്പിച്ചതായും ഇറാന്‍ ആരോപിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ, സിവിലിയന്‍ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ പുതിയ റൗണ്ട് ആക്രമണം ആരംഭിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപിച്ചതിന് ശേഷമാണ് നയതന്ത്ര ശ്രമങ്ങള്‍ അമേരിക്ക അട്ടിമറിച്ചതായി ഇറാന്‍ ആരോപിച്ചത്.
അതേസമയം, ഇറാനിലെ നിരവധി സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് സൈന്യം പുതിയ ആക്രമണങ്ങള്‍ നടത്തി. ഇറാന്‍ മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള രണ്ട് സ്ഥലങ്ങളില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ചെറിയ ബോട്ടുകള്‍ എന്നിവ ലക്ഷ്യമിട്ട് യു.എസ് സൈന്യം പുതിയ ആക്രമണം നടത്തിയതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് പറഞ്ഞു. ഖെഷം ദ്വീപിനു നേരെ മിസൈല്‍ ആക്രമണമുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഫലമായി ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ സമീപ ദിവസങ്ങളില്‍ ഏറ്റവും വലിയ വ്യോമ, നാവിക നടപടികളില്‍ ഒന്ന് നടത്തിയതായും ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി 300 ലധികം സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായും യു.എസ് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ നാവികസേനയിലെ ഒരു അംഗം കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സൈനിക ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ മാസം ഒപ്പുവച്ച യു.എസ്-ഇറാന്‍ കരാറിനെ അട്ടിമറിക്കുമെന്ന ഭീതി ഉയര്‍ത്തുന്നു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുദ്ധം അവസാനിപ്പിക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. കൂടുതല്‍ സമഗ്രമായ ഒത്തുതീര്‍പ്പിലെത്തുന്ന അന്തിമ കരാറിലെത്താന്‍ ഇരുപക്ഷവും 60 ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും പ്രാഥമിക ധാരണാപത്രം പറയുന്നു.



