അബുദാബി – യു.എ.ഇയിലേക്ക് വിക്ഷേപിച്ച ഇറാന്‍ മിസൈലുകളുടെ പുതിയ തരംഗത്തെ യു.എ.ഇ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞുവെന്നും ഉയര്‍ന്ന കാര്യക്ഷമതയോടെയും കേടുപാടുകള്‍ കൂടാതെയും അവയെ നേരിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏതൊരു ഭീഷണിയും നേരിടാന്‍ യു.എ.ഇ പൂര്‍ണ്ണമായും സജ്ജമാണ്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വദേശികളുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നു. തടഞ്ഞ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ സാദിയാത്ത് ദ്വീപ്, ഖലീഫ സിറ്റി, ബനീ യാസ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ഫലാഹ് എന്നിവയുള്‍പ്പെടെ അബുദാബിയിലെ വിവിധ പ്രദേശങ്ങളില്‍ പതിച്ചു. ഇവിടങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്ന് സ്ഥിരീകരിച്ചതായും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണ്. പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ രാജ്യത്തിന്റെ പ്രദേശത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കുണ്ട്. വിവരങ്ങള്‍ക്ക് രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രായം അഭ്യര്‍ഥിച്ചു.



