വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തെ താന്‍ പിന്തുണക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കാനാവില്ല. ഇറാനുമായുള്ള യുദ്ധത്തെ ഞാന്‍ പിന്തുണക്കുന്നില്ല, എനിക്ക് അത് ഇഷ്ടമല്ല, എനിക്ക് യുദ്ധങ്ങള്‍ ഇഷ്ടമല്ലെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇറാന് ഇപ്പോള്‍ നാവികസേനയില്ല, മിസൈലുകളില്ല, കമാന്‍ഡര്‍മാര്‍ പോലുമില്ല. ഇറാന്‍ കപ്പലുകളെ രക്ഷിക്കുന്നതിനേക്കാള്‍ അവയ നശിപ്പിക്കാന്‍ യു.എസ് സൈന്യം ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ഓപ്പറേഷനില്‍ യു.എസ് കപ്പലുകളെ ആക്രമിച്ചാല്‍ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും. മേഖലയില്‍ അമേരിക്ക സൈനിക ശക്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ എല്ലാ നൂതന ആയുധങ്ങളും ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിചേർത്തു.
മുമ്പത്തേക്കാള്‍ കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങള്‍ക്ക് മികച്ച ഉപകരണങ്ങളുണ്ട്. ലോകമെമ്പാടും ഞങ്ങള്‍ക്ക് ആയുധങ്ങളുണ്ട്. ലോകമെമ്പാടും ഞങ്ങള്‍ക്ക് സൈനിക താവളങ്ങളുണ്ട്. അവയെല്ലാം സൈനിക ഉപകരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈ ഉപകരണങ്ങളെല്ലാം ഇറാനെതിരെ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ തങ്ങള്‍ ഉപയോഗിക്കുമെന്നും യു.എസ് പ്രസിഡന്റ് ചൂണ്ടികാട്ടി.



