ഇസ്ലാമാബാദ് – സൗദി അറേബ്യയുടെയുയം പാകിസ്ഥാന്റെയും അഭ്യര്‍ഥന മാനിച്ച് ഹോര്‍മുസ് കടലിടുക്കില്‍ സൈനിക ഓപ്പറേഷന്‍ നിര്‍ത്തിവെച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി സമാധാനം പ്രോത്സാഹിപ്പിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സംവാദത്തിലൂടെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിലെ സാഹചര്യം മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുനല്‍കുന്ന ശാശ്വത കരാറിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കുന്നു.
പാകിസ്ഥാനും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് ഹോര്‍മുസിലെ സൈനിക നടപടി ട്രംപ് നിര്‍ത്തിവെച്ചത്. ഇത് മെച്ചപ്പെട്ട സ്ഥിരതക്ക് സഹായിക്കും. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാനുള്ള പ്രൊജക്റ്റ് ഫ്രീഡം ഓപ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധൈര്യത്തിന് ഷെഹബാസ് ഷെരീഫ് നന്ദി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍ സമുദ്ര ഗതാഗതത്തെ പിന്തുണക്കാനായി ആരംഭിച്ച പ്രൊജക്റ്റ് ഫ്രീഡം ഓപ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചു. സൗദി അറേബ്യ, പാകിസ്ഥാന്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഉപരോധം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ തുടരുമെങ്കിലും, ഒരു കരാര്‍ അന്തിമമാക്കാനും ഒപ്പിടാനും കഴിയുമോ എന്ന് കാണാന്‍ പ്രൊജക്റ്റ് ഫ്രീഡം ഓപ്പറേഷന്‍ ചെറിയ കാലയളവിലേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ പരസ്പരം സമ്മതിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ഇറാനെ അനുവദിക്കാന്‍ കഴിയില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മറ്റ് മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥരും നേരത്തെ പറഞ്ഞു. മൈനുകള്‍ സ്ഥാപിക്കുമെന്നും ഡ്രോണുകള്‍, മിസൈലുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ വിന്യസിക്കുമെന്നും ഭീഷണിപ്പെടുത്തി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഫലപ്രദമായി അടച്ചു. ഇറാന്‍ തുറമുഖങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയും കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് അകമ്പടി സേവിച്ചും അമേരിക്ക തിരിച്ചടിച്ചിരുന്നു.
നിരവധി ചെറു ഇറാന്‍ ബോട്ടുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി യു.എസ് സൈന്യം തിങ്കളാഴ്ച പറഞ്ഞു. നാല് ആഴ്ച മുമ്പ് ധാരണയിലെത്തിയ ദുര്‍ബലമായ വെടിനിര്‍ത്തല്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. യുദ്ധം ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാന്‍ ഇടയാക്കി. ലെബനോനിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ആഗോള വിപണികളില്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.



