തെഹ്റാൻ: അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയ്ക്കും ഇസ്രായിൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും വേണ്ടി ചാരപ്പണി നടത്തിയ ഇറാനി ശാസ്ത്രജ്ഞൻ ഇർഫാൻ ഷക്കൂർസാദെയെ വധശിക്ഷയ്ക്ക് വിധേയനാക്കി. രാജ്യത്തിന്റെ സുപ്രധാനമായ ഉപഗ്രഹ ഗവേഷണ മേഖലയിലെ വിവരങ്ങൾ ശത്രുരാജ്യങ്ങൾക്ക് ചോർത്തി നൽകി എന്ന കുറ്റത്തിനാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ഇറാന്റെ ജുഡീഷ്യറി തിങ്കളാഴ്ച അറിയിച്ചു.
ഇറാനിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് വർക്കറായി ജോലി ചെയ്തിരുന്ന ഇർഫാൻ തന്റെ പ്രൊഫഷണൽ മികവ് ഉപയോഗപ്പെടുത്തിയാണ് ശത്രുരാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചത്. ലിങ്ക്ഡ്ഇൻ വഴിയാണ് ഇസ്രായിൽ ചാരസംഘടന ഇയാളെ ആദ്യം സമീപിച്ചത്. കാനഡയിൽ താമസിക്കുന്ന ഇറാൻ സ്വദേശിയാണെന്ന വ്യാജേന ഇയാളെ ബന്ധപ്പെട്ട മൊസാദ് ഏജന്റ്, വിദേശത്ത് വൻ പ്രതിഫലം ലഭിക്കുന്ന പ്രോജക്റ്റുകളിൽ അവസരം വാഗ്ദാനം ചെയ്താണ് ചാരപ്പണിക്ക് പ്രേരിപ്പിച്ചത്.
തുടർന്ന് മൊസാദുമായി സഹകരിക്കാനുള്ള കരാറിൽ ഒപ്പിട്ട ഇർഫാൻ, തന്റെ ജോലിസ്ഥലം, അവിടെ തനിക്കുള്ള പ്രവേശനാധികാരം, ഔദ്യോഗിക ദൗത്യങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ ഇമെയിൽ വഴി കൈമാറി. ഇതിന് പിന്നാലെ സി.ഐ.എയുമായും ഇയാൾ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. ചാരപ്പണിക്ക് പകരമായി അമേരിക്കയിൽ ഉപരിപഠനത്തിനുള്ള അവസരവും യു.എസ് വിസയുമായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ വിവരങ്ങൾ കൈമാറാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക-ശാസ്ത്ര മേഖലകളിൽ വിദേശ ഇടപെടലുകൾ തടയുന്നതിന്റെ ഭാഗമായി കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.



