ന്യൂയോര്‍ക്ക് – ഇറാന്‍ ആണവ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യു.എന്‍ രക്ഷാ സമിതിയില്‍ റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞു. രക്ഷാ സമിതിയിലെ യു.എസ് പ്രതിനിധി റഷ്യയുടെയും ചൈനയുടെയും നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. ഇറാന്‍ ആണവ വിഷയത്തില്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നതില്‍ റഷ്യയും ചൈനയും കാണിച്ച എതിര്‍പ്പിനെ ഞങ്ങള്‍ നിരസിക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അംഗരാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും യു.എസ് പ്രതിനിധി പറഞ്ഞു. ഈ വിഷയത്തില്‍ ക്രിയാത്മകമായ ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഐക്യരാഷ്ട്രസഭ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.
ഹോര്‍മുസ് കടലിടുക്ക് നിരുപാധികമായി വീണ്ടും തുറക്കുന്നത് ഇറാന്‍ ഉറപ്പാക്കണമെന്നും സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും അവസാനിപ്പിക്കണമെന്നും രക്ഷാ സമിതിയിലെ ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കി. നയതന്ത്ര ശ്രമങ്ങള്‍ ഇറാന്റെ യഥാര്‍ഥ പെരുമാറ്റത്തില്‍ പ്രതിഫലിക്കേണ്ടത് അനിവാര്യമാണെന്ന് രക്ഷാ സമിതിയിലെ ബഹ്റൈന്‍ പ്രതിനിധി ചൂണ്ടികാട്ടി. ധാരണാപത്രത്തില്‍ ഒപ്പുവെച്ച ഉടന്‍ തന്നെ ഇറാന്‍ ആക്രമണം പുനരാരംഭിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കുന്നില്ലെങ്കില്‍ ഏതൊരു നയതന്ത്ര പുരോഗതിയും നിഷ്ഫലമാകുമെന്ന് ബഹ്‌റൈന്‍ പ്രതിനിധി പറഞ്ഞു. യു.എന്‍ രക്ഷാ സമിതി അജണ്ടയില്‍ ഇറാന്‍ ആണവ പ്രശ്‌നം ഉള്‍പ്പെടുത്തണമെന്ന് ഏതാനും രാജ്യങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.



