മോസ്‌കോ – ഇറാന്‍ സൈനിക, രാഷ്ട്രീയ നേതാക്കളെ ഇസ്രായില്‍ കൊലപ്പെടുത്തുന്നതിനെ നിരാകരിക്കുന്നതായി റഷ്യ വ്യക്തമാക്കി. ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖതീബിനെ വധിച്ചതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി സ്ഥിരീകരിക്കുകയും ഇറാന്‍ രാഷ്ട്രീയ, സൈനിക നേതാക്കളെ ഇസ്രായില്‍ കൊലപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തരം വധങ്ങളെ അംഗീകരിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കിയത്.
പരമാധികാര രാഷ്ട്രമായ ഇറാനിലെയും മറ്റ് രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെയും കൊലപ്പെടുത്തലുകളെയും റഷ്യ ശക്തമായി അപലപിക്കുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ജീവിതങ്ങളെ, പ്രത്യേകിച്ച് ഇറാന്‍ നേതാക്കളെ, മറ്റ് രാജ്യങ്ങളിലെ നേതാക്കളെ, വധിക്കുന്നതിനെയും ഇല്ലാതാക്കുന്നതിനെയും ദ്രോഹിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന ഏതൊരു നടപടിയെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്ന് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ഏകദേശം മൂന്ന് ആഴ്ച മുമ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഇറാന്‍ ഭരണകൂടത്തെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ ആവശ്യമായത്ര ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ മുതിര്‍ന്ന ഇറാന്‍ നേതാക്കളെ ലക്ഷ്യം വെച്ച് നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്നലെ, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുടെയും ബാസിജ് കമാന്‍ഡര്‍ ഗുലാം റിസ സുലൈമാനിയുടെയും കൊലപാതകം ഇസ്രായില്‍ സ്ഥിരീകരിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 ന് മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയെയും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂരിനെയും സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവിയെയും ഇസ്രായില്‍ വ്യോമാക്രമണങ്ങളിലൂടെ കൊലപ്പെടുത്തി. ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നാസിര്‍സാദേയും അദ്ദേഹത്തിന്റെ പിന്‍ഗാമിയും അടക്കം ഡസന്‍ കണക്കിന് മറ്റ് സൈനിക കമാന്‍ഡര്‍മാരെയും ഓഫീസര്‍മാരെയും ഇസ്രായില്‍ വധിച്ചു.
അലി ഖാംനഇയുടെ മകനും പുതിയ പരമോന്നത നേതാവുമായ മുജ്തബ ഖാംനഇ, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ആര്‍മി കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അമീര്‍ ഹാതമി, പക്പൂരിന്റെ കൊലപാതകത്തിന് ശേഷം നിയമിതായ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അഹ്‌മദ് വഹീദി, ഖാതം അല്‍അന്‍ബിയാ സുരക്ഷാ സേന ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ലാഹി എന്നിവര്‍ അടക്കമുള്ള നേതാക്കളെയും വധിക്കുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.



