തെഹ്‌റാന്‍– ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ഒരു സാഹചര്യത്തിനും ന്യായീകരിക്കാനാവാത്തതാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയം. തുടർന്നാൽ ശത്രുവിനെ അവരുടെ ആക്രമണത്തില്‍ പശ്ചാത്തപിച്ച് ഒരു പാഠം പഠിപ്പിക്കുന്നതിലാണ് ഇറാന്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹുര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഇറാന് നിര്‍ണായകമാണ്. രാജ്യത്തിന്റെ സുരക്ഷ മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഒമാന്‍ കടലിലും ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള ഇറാന്‍, ഈ തന്ത്രപ്രധാനമായ ജലപാത സംരക്ഷിക്കുന്നതിന് എപ്പോഴും വില നല്‍കിയിട്ടുണ്ടെന്ന് ഇവർ കൂട്ടിചേർത്തു.
അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും മേഖലയിലുണ്ടാക്കിയ അസ്ഥിരത ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തെ ബാധിച്ചേക്കും. ഈ കടലിടുക്ക് സുരക്ഷിതമല്ലാതാകാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ നാവികസേനയുമായി ഏകോപനം നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാന് മേഖലയിലെ ജനങ്ങളോടും രാജ്യങ്ങളോടും ഒരു ശത്രുതയും പുലര്‍ത്തുന്നില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍
ഇറാനെ ആക്രമിക്കാന്‍ ചില രാജ്യങ്ങളിലെ താവളങ്ങളും ശേഷികളും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വയം പ്രതിരോധിക്കാനും ആക്രമണ സ്രോതസ്സുകളെ ലക്ഷ്യമിടാനുമുള്ള അവകാശം തങ്ങള്‍ക്കുണ്ട്. ഇറാനെതിരായ ഈ രാജ്യങ്ങളുടെ പ്രദേശങ്ങളുടെയും ശേഷികളുടെയും ഉപയോഗം അവസാനിപ്പിച്ചാല്‍, തങ്ങളുടെ പ്രതിരോധ നടപടികളും അവസാനിക്കുമെന്നും ഇസ്മായില്‍ ബഗായ് പറഞ്ഞു.
ഇതുവരെ, നടന്ന സംഭവങ്ങള്‍ ശത്രുക്കളെ അത്ഭുതപ്പെടുത്തി. ഇത് തങ്ങളുടെ ദേശീയവും മതപരവുമായ കഴിവുകളെ ആശ്രയിക്കുന്ന ഇറാന്‍ ജനതയില്‍ നിന്ന് മാത്രമേ ഉണ്ടാകൂ. ആണവ പ്രശ്‌നത്തില്‍ പശ്ചാത്യ രാജ്യങ്ങളുമായുള്ള ഭിന്നതകള്‍ പരഹിരിക്കാന്‍ ഇറാന് ചര്‍ച്ച ആവശ്യമായിരുന്നു. തര്‍ക്ക പരിഹാരത്തിന് നയതന്ത്ര പാത പിന്തുടര്‍ന്നില്ലെങ്കില്‍, ഇറാന്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും വിമര്‍ശനത്തിന് വിധേയമാകുമായിരുന്നെന്നും വിദേശ മന്ത്രാലയ വക്താവ് കൂട്ടിചേർത്തു.



