തെല്‍അവീവ് – ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യുകയാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇസ്രായിലും അസ്തിത്വപരമായ ഇറാന്‍ ഭീഷണിക്കെതിരെയാണ് ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ലയണ്‍സ് റോര്‍ എന്നാണ് സൈനിക നടപടിയുടെ നാമകരണം. ഭരണകൂടത്തെ നീക്കം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ ഇറാനികളും ആയുധം താഴെ വെക്കണം. ആയുധം താഴെ വെക്കുന്നവര്‍ അതിജീവിക്കുമെന്ന് ഇറാന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇറാനെ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
യു.എസ്, ഇസ്രായില്‍ സൈന്യങ്ങള്‍ ഇറാനില്‍ വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇറാനികളോട് അവരുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. നമ്മള്‍ ആക്രമണം പൂര്‍ത്തിയാക്കുമ്പോള്‍, നിങ്ങളുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കുക. അത് നിങ്ങളുടേതായിരിക്കുമെന്ന് ട്രംപ് ഇറാനികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. വരും തലമുറകള്‍ക്കുള്ള നിങ്ങളുടെ ഒരേയൊരു അവസരമായിരിക്കാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



