തെഹ്റാന്‍ – ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ സൈനിക, പെട്രോകെമിക്കല്‍ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ഇറാനെതിരെ ആക്രമണങ്ങള്‍ നടത്തരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇറാനില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയത്. ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ ഇസ്രായില്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായിലിന്റെ ആക്രമണം.
ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ തെഹ്റാനിലും മറ്റ് ഇറാന്‍ നഗരങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. തെഹ്റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് ടെലിവിഷന്‍ ടെലിഗ്രാമില്‍ വ്യക്തമാക്കി. യെമനില്‍ നിന്ന് ഇസ്രായിലിന് നേരെ തൊടുത്തുവിട്ട മിസൈല്‍ തങ്ങള്‍ തടഞ്ഞതായും ഇറാനിലെ ബന്ദര്‍ മഹ്ഷഹറിലെ പെട്രോകെമിക്കല്‍ സമുച്ചയം ആക്രമിച്ചതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ മഹ്ഷഹറിലെ പെട്രോകെമിക്കല്‍ സമുച്ചയത്തിലെ ഏതാനും ലക്ഷ്യങ്ങള്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തതായി സൈന്യം പറഞ്ഞു.
അമേരിക്കയുമായി ഏകോപിച്ചാണ് ഇറാനെതിരായ ആക്രമണം നടത്തിയതെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനികളുമായും അവരുടെ പ്രോക്‌സികളുമായും ഞങ്ങള്‍ നിരവധി ദിവസത്തെ പോരാട്ടത്തിന്റെ വക്കിലാണെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായില്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. ഇറാനില്‍ നിന്ന് ഇസ്രായിലിലേക്ക് നീങ്ങുന്ന രണ്ടാമത്തെ ഇറാനിയന്‍ മിസൈല്‍ കണ്ടെത്തിയതായി ഇസ്രായിലി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
ഇസ്രായിലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചതായി അറിയിച്ച ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്, ലെബനോനിനെതിരായ ആക്രമണം തുടര്‍ന്നാലും തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാലും വിശാലവും വേദനാജനകവുമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.



