തെഹ്‌റാൻ– യു.എസ്-ഇറാൻ യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി പ്രമുഖ ലോകനേതാക്കളെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ട്രംപും നെതന്യാഹുവും ഉൾപ്പെടെയുള്ള 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ്‌ലിസ്റ്റ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഹംഷഹരി പുറത്തുവിട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവരാണ് പട്ടികയിലെ പ്രധാനികൾ. ഇവർക്ക് പുറമെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഇറാന്റെ ലക്ഷ്യപ്പട്ടികയിലുണ്ട്.
യുദ്ധസമയത്ത് തങ്ങളുടെ രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങളെ അപലപിക്കാതിരിക്കുകയും, യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത തുറന്നുനൽകി സഹായിക്കുകയും ചെയ്തതിനാണ് യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളെ ഇറാൻ പ്രതികാര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയ്ക്ക് ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക അംഗീകാരമുണ്ടോ എന്നതിൽ വ്യക്തതയില്ലെങ്കിലും, പുറത്തുവന്ന വിവരങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രായിൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അധികാരമേറ്റ അദ്ദേഹത്തിന്റെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമേനി, പിതാവിന്റെ മരണത്തിന് കാരണക്കാരായവർ കടുത്ത പ്രതികാരം നേരിടേണ്ടിവരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ശത്രുക്കൾക്ക് കിടക്കയിൽ കിടന്നുള്ള സ്വാഭാവിക മരണം സാധ്യമാകില്ലെന്നും, കൃത്യമായ പട്ടിക തയ്യാറാക്കി പ്രതികാരം നടപ്പാക്കുമെന്നും കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് തെഹ്‌റാനിലെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഹംഷഹരി പത്രം വധിക്കേണ്ട നേതാക്കളുടെ പട്ടിക പുറത്തുവിട്ടത്.



