തെഹ്‌റാന്‍– ഇറാനും അമേരിക്കയും തമ്മില്‍ പാകിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതിനിടെ, പാക് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി ശനിയാഴ്ച ഇസ്ലാമാബാദ് വിട്ട ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മസ്‌കത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പാകിസ്ഥാനിലേക്ക് മടങ്ങുമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റഷ്യയിലേക്കുള്ള യാത്രക്ക് മുമ്പ് വിദേശ മന്ത്രി വീണ്ടും പാകിസ്ഥാന്‍ സന്ദര്‍ശിക്കും എന്ന് ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. വിദേശ മന്ത്രിയെ പാകിസ്ഥാനിലേക്ക് അനുഗമിച്ച പ്രതിനിധി സംഘത്തിലെ ചില അംഗങ്ങള്‍യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും കൂടിയാലോചനകള്‍ക്കുമായി തെഹ്റാനിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവര്‍ ഞായറാഴ്ച രാത്രി ഇസ്ലാമാബാദില്‍ അറാഖ്ജിയുമായി ചേരുമെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
മധ്യസ്ഥരുമായി കൂടിയാലോചിച്ച ശേഷം ഒരു കരാര്‍ സാധ്യമാണെന്ന് അറാഖ്ജി നിഗമനം ചെയ്താല്‍, വരും ദിവസങ്ങളില്‍ ഇറാന്‍, അമേരിക്കന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഇറാന്‍ നയതന്ത്രജ്ഞനും അഭിജ്ഞ വൃത്തങ്ങളും ദി വാള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
യുദ്ധത്തിന് നയതന്ത്ര പരിഹാരമുണ്ടാക്കുന്നതിനെ അമേരിക്ക ഗൗരവമായി കാണുന്നുണ്ടോ എന്ന കാര്യം ഇറാന്‍ കാത്തിരിക്കുകയാണെന്ന് പാകിസ്ഥാനില്‍ നിന്ന് മസ്‌കത്തില്‍ എത്തിയപ്പോള്‍ അറാഖ്ജി വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വിദേശ മന്ത്രി ഇസ്ഹാഖ് ദാര്‍, സൈനിക മേധാവി ഈസിം മുനീര്‍ എന്നിവരുമായി ഇറാന്‍ വിദേശ മന്ത്രി പാകിസ്ഥാനില്‍ കൂടിക്കാഴ്ച നടത്തി.



