തെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്ക് മുന്നോടിയായി അമേരിക്കയ്ക്കും ഇസ്രായിലിനും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഉന്നത സൈനിക കമാൻഡർ രംഗത്ത്. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിനോ തെറ്റായ കണക്കുകൂട്ടലുകൾക്കോ മുതിർന്നാൽ രാജ്യം കനത്തതും പശ്ചാത്താപം ഉളവാക്കുന്നതുമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ ഏറ്റവും ഉയർന്ന സൈനിക ഓപ്പറേഷൻ കമാൻഡ് യൂണിറ്റായ ‘ഖാതം അൽ-അൻബിയ’ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളാഹി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെയും ഇസ്രായിലിന്റെയും ക്രിമിനൽ ആക്രമണത്തിലാണ് ഖമേനി രക്തസാക്ഷിത്വം വരിച്ചതെന്നും, ഈ വിയോഗം ലോകമെമ്പാടുമുള്ള മുസ്ലിം ഉമ്മത്തിനും സ്വാതന്ത്ര്യകാംക്ഷികൾക്കും ഹൃദയഭേദകമായ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ചോര ഇറാന്റെ അന്തസ്സും സ്വാതന്ത്ര്യവും കൂടുതൽ ശക്തമാക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫെബ്രുവരിയിൽ യു.എസ്-ഇസ്രായിൽ സഖ്യം അടിച്ചേൽപ്പിച്ച യുദ്ധത്തിന് പിന്നാലെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ലൂടെ നൂറിലധികം തരംഗങ്ങളായി ഇറാൻ നടത്തിയ തിരിച്ചടി സൈനിക മേധാവി ചൂണ്ടിക്കാട്ടി. നൂറുകണക്കിന് ബാലിസ്റ്റിക്-ഹൈപ്പർസോണിക് മിസൈലുകളും ഡ്രോണുകളുമാണ് പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായിൽ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ തൊടുത്തത്. അത്യാധുനിക ആയുധങ്ങളും സങ്കര യുദ്ധമുറകളും ഉണ്ടായിരുന്നിട്ടും, 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിലും ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ 40 ദിവസത്തെ യുദ്ധത്തിലും ശത്രുക്കൾക്ക് വൻ നാശനഷ്ടം വരുത്താൻ ഇറാന്റെ മിസൈൽ-ഡ്രോൺ കരുത്തിന് സാധിച്ചതായി ജനറൽ അബ്ദുള്ളാഹി അവകാശപ്പെട്ടു.
രാജ്യത്തിന്റെ പ്രതിരോധ ശേഷി പരമാവധിയിൽ എത്തിച്ചതും ശാസ്ത്രീയ മുന്നേറ്റം കൈവരിച്ചതും അന്തരിച്ച പരമോന്നത നേതാവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും രാജ്യത്തിന്റെ ഐക്യം പ്രകടിപ്പിച്ചുകൊണ്ട് അഭൂതപൂർവ്വമായ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഇറാനിലെ യുവതലമുറയോടും ജനങ്ങളോടും സൈനിക ആസ്ഥാനം ആഹ്വാനം ചെയ്തു.



