തെഹ്‌റാന്‍ – വ്യത്യസ്ത രാജ്യങ്ങളുടെ മൂന്ന് ചരക്ക് കപ്പലുകള്‍ ഹുര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്നത് ഇറാന്‍ തടഞ്ഞു. കടലിടുക്ക് അടച്ചിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി. നമ്മുടെ ശത്രുക്കളുമായി സഖ്യത്തിലുള്ള രാജ്യങ്ങളുടെ തുറമുഖങ്ങളിലേക്കോ ആ തുറമുഖങ്ങളില്‍ നിന്നോ ഏതെങ്കിലും ജലപാതയിലൂടെ ഏതെങ്കിലും കപ്പലിന്റെ കടന്നുപോകല്‍ നിരോധിച്ചിരിക്കുന്നതായി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ചരക്ക് കപ്പലുകള്‍, പെര്‍മിറ്റുള്ള കപ്പലുകള്‍ക്കായി നീക്കിവെച്ച ഹുര്‍മുസ് കടലിടുക്കിലെ നിയുക്ത പാതയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. പക്ഷേ റെവല്യൂഷണറി ഗാര്‍ഡ് നാവികസേന മുന്നറിയിപ്പ് നല്‍കി ഈ കപ്പലുകള്‍ തടഞ്ഞു. ഹുര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നുണകളെ അടിസ്ഥാനമാക്കിയാണ് ഈ കപ്പലുകള്‍ കടലിടുക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ, വാതക ടാങ്കറുകള്‍ കടന്നുപോകുന്ന സുപ്രധാന കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കപ്പലുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഹുര്‍മുസ് കടക്കാന്‍ മടിക്കുന്നു. ഹുര്‍മുസ് കടലിടുക്ക് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും മുന്നില്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പിന്നീട് സ്ഥിരീകരിച്ചു. സുപ്രധാന ജലപാത വീണ്ടും തുറന്നില്ലെങ്കില്‍ ഇറാനെതിരെ വിനാശകരമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. മേഖലക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തിനും ഹുര്‍മുസ് കടലിടുക്ക് പ്രധാനമാണ്. ഹുര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിഞ്ഞ ആഴ്ച 22 രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു. തന്ത്രപ്രധാനമായ ജലപാത ഇറാന്‍ അടച്ചുപൂട്ടിയതിനെ ഈ രാജ്യങ്ങള്‍ അപലപിക്കുകയും ചെയ്തു.



