തെഹ്‌റാന്‍ – ചരിത്രത്തില്‍ ഇറാനല്ലാതെ മറ്റൊരു രാജ്യവും കീഴടങ്ങാതെ ഒരു മാസം മുഴുവന്‍ യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. ഇത് എല്ലാ മനുഷ്യരാശിക്കും അഭിമാനകരമാണ്. ഇറാന്റെ ദീര്‍ഘകാല പ്രതിരോധം മിക്കവാറും എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നു. അമേരിക്കയുടേത് ഇരട്ടത്താപ്പാണ്. ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ അമേരിക്ക കൂട്ടുനിൽക്കുന്നു. അതേസമയം ആക്രമണകാരികള്‍ക്കെതിരായ ഇറാന്റെ സ്വയം പ്രതിരോധം അമേരിക്കക്ക് അപലപനീയമാണ്. അന്താരാഷ്ട്ര നിയമം സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ള ഒരു ഉപകരണമല്ല. ഇറാനു മേല്‍ അടിച്ചേല്‍പ്പിച്ച ഈ യുദ്ധം അമേരിക്കയും ഇസ്രായിലുമാണ് ആരംഭിച്ചത്. ഗാസക്കെതിരായ ഇസ്രായിലിന്റെ ഉപരോധത്തെ അമേരിക്ക പിന്തുണച്ചു. സുരക്ഷയുടെ മറവില്‍ ഗാസക്കുള്ള സഹായം നിര്‍ത്തിവെച്ചു. എന്നാല്‍ ഹുര്‍മുസ് കടലിടുക്കില്‍ സ്വയം പ്രതിരോധിച്ചതിന് ഇറാനെ അമേരിക്ക അപലപിക്കുന്നതായും ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.
അതിനിടെ, 15 ഇന യു.എസ് വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഇറാന്‍ ഇന്നലെ രാത്രി ഇടനിലക്കാര്‍ വഴി ഔദ്യോഗികമായി മറുപടി സമര്‍പ്പിച്ചതായി ഇറാന്‍ സ്രോതസ്സ് വെളിപ്പെടുത്തി. യു.എസ് നിര്‍ദേശത്തിലുള്ള തങ്ങളുടെ നിലപാടിന് മറുവശത്തിന്റെ പ്രതികരണത്തിനായി ഇറാന്‍ ഇപ്പോള്‍ കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.



