തെഹ്‌റാന്‍ – ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ഇസ്രായില്‍ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഉടലെടുത്ത പുതിയ പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും ഇറാഖും സിറിയയും തങ്ങളുടെ വ്യോമമേഖലകള്‍ മുന്‍കരുതലെന്നോണം അടച്ചു. ഏപ്രില്‍ 8 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനുശേഷം ആദ്യമായി ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന്, തങ്ങളുടെ വ്യോമാതിര്‍ത്തി 72 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടുന്നതായി ഇറാഖ് പ്രഖ്യാപിച്ചു.
അതേസമയം, ഇറാഖി ഭൂപ്രദേശത്തോ വ്യോമാതിര്‍ത്തിയിലോ സിവിലിയന്‍ വിമാനം തകര്‍ന്നുവീണെന്ന റിപ്പോര്‍ട്ടുകള്‍ ഇറാഖി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി ബാന്‍കിന്‍ റിക്കാനി നിഷേധിച്ചു. ഈ വിവരങ്ങള്‍ തെറ്റാണെന്നും ഇറാഖി വിമാനത്താവളങ്ങളിലെയും ഇറാഖി വ്യോമാതിര്‍ത്തിയിലെയും വ്യോമ ഗതാഗതം ബന്ധപ്പെട്ട വകുപ്പുകള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അത്തരമൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ലെന്നും റിക്കാനി പത്രക്കുറിപ്പില്‍ പറഞ്ഞു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൃത്യത പുലര്‍ത്താനും ശരിയായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും പൊതുജനങ്ങളുടെ ഉത്കണ്ഠക്കും ആശയക്കുഴപ്പത്തിനും കാരണമാകുന്ന കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഇറാഖി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി മാധ്യമങ്ങളോടും സോഷ്യല്‍ മീഡിയ ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.
മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ഇറാന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള വ്യോമാതിര്‍ത്തി അടച്ചു. സുരക്ഷാ വിലയിരുത്തലുകളെ തുടര്‍ന്ന്… രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള വ്യോമാതിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. പടിഞ്ഞാറന്‍ ഇറാനിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു. തെഹ്‌റാനിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി ഏജന്‍സി പറഞ്ഞു. ഫെബ്രുവരി 28 ന് ഇറാനില്‍ ഇസ്രായില്‍-അമേരിക്കന്‍ ആക്രമണങ്ങളെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തെ തുടര്‍ന്ന് ആഴ്ചകളോളം അടച്ചിട്ട ഖുമൈനി വിമാനത്താവളം ഏപ്രിലില്‍ വീണ്ടും തുറക്കുകയായിരുന്നു.
തങ്ങളുടെ വ്യോമാതിര്‍ത്തി 12 മണിക്കൂര്‍ അടച്ചിടുമെന്ന് സിറിയ അറിയിച്ചു. ഞായറാഴ്ച രാത്രി 11:00 മുതല്‍ തിങ്കളാഴ്ച രാവിലെ 11:00 വരെ, അടച്ചുപൂട്ടല്‍ കാലയളവില്‍ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കല്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങളും രീതികളും അനുസരിച്ച്, ഉയര്‍ന്ന സുരക്ഷയിലും കാര്യക്ഷമതയിലും വ്യോമഗതാഗത സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ ബദല്‍ വിമാന പാതകള്‍ നിര്‍ണയിക്കാനാണ് നിലവിലെ നോട്ടീസ് ടു എയര്‍മെനിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തി സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്കായി തുറന്നിടാന്‍ ഇസ്രായില്‍ തീരുമാനിച്ചു.



