വാഷിംഗ്ടൺ – ഇറാനെതിരെ യുഎസ്-ഇസ്രായിൽ സംയുക്തമായി നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ 12 രാജ്യങ്ങൾ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കാനാകുമോ എന്ന് അറിയാൻ ചിലർ ആഗ്രഹം പ്രകടിപ്പിച്ചതായും അവരെ ബന്ധപ്പെട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു. യുദ്ധം എങ്ങിനെ അവസാനിപ്പിക്കാം എന്നതിനെ കുറിച്ചുള്ള ആശയവിനിമയ മാർഗങ്ങൾ തുറക്കാനുള്ള സന്നദ്ധത ഇറാൻ ഇന്റലിജൻസ് അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. സന്ദേശങ്ങൾ മൂന്നാം രാജ്യം വഴിയാണ് ഇറാൻ ഇന്റലിജൻസ് സി.ഐ.എക്ക് കൈമാറിയതെന്നാണ് വിവരം. എന്നാൽ ഇറാൻ അമേരിക്കക്ക് ഒരു സന്ദേശവും അയച്ചിട്ടില്ലെന്നും അവരുടെ സന്ദേശങ്ങളോട് പ്രതികരിക്കില്ല എന്നും ഇറാൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സൈനിക നടപടികൾ നിർത്തലാക്കുന്നതിനെ കുറിച്ച് ഗൗരവമായ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും സമീപഭാവിയിൽ സാധ്യമായ പരിഹാരങ്ങൾ ഉയർന്നുവരാൻ സാധ്യതയില്ലെന്നും യു.എസ് ഉദ്യോഗസ്ഥർ സി.എൻ.എന്നിനോട് സ്ഥിരീകരിച്ചു. അമേരിക്കയും ഇറാനും തമ്മിൽ യഥാർഥ സന്ദേശ കൈമാറ്റം നടന്നിട്ടില്ലെന്നും, ആക്രമണങ്ങൾക്ക് മുമ്പ് ഇറാനുമായി മൂന്ന് റൗണ്ട് ചർച്ചകൾക്ക് നേതൃത്വം നൽകിയ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മുമ്പ് അദ്ദേഹം ടെക്സ്റ്റ് സന്ദേശങ്ങൾ കൈമാറിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായോ, ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും സി.എൻ.എൻ വെളിപ്പെടുത്തി. ഞങ്ങൾ ഒരു ഇടനിലക്കാരെയും ഉപയോഗിക്കുന്നില്ല. ഇതൊരു സൈനിക നടപടിയാണ്, അത് അതിന്റെ വഴിക്ക് പോകണം – മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.



