തെഹ്റാൻ – ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ആളിപ്പടുന്നു. ജനകീയ കലാപങ്ങളുടെ തീച്ചൂളയിൽ രാജ്യം കത്തുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2,000 പേർ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടതായി മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഉടനടി ഇറാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം പ്രതിഷേധം വർധിച്ചതോടെ അമേരിക്കൻ പൗരത്വമുള്ള ഇറാനികളോട് ഉടൻ ഇറാൻ വിടാൻ അമേരിക്ക ആവശ്യപ്പെട്ടു.
ഇറാനിലെ അമേരിക്കൻ പൗരന്മാർ ചോദ്യം ചെയ്യൽ, അറസ്റ്റ്, തടങ്കൽ എന്നിവക്ക് വിധേയരാകാനുള്ള സാധ്യത കൂടുതലാണെന്നും അയൽരാജ്യങ്ങളായ അർമേനിയയിലേക്കോ തുർക്കിയിലേക്കോ അസർബൈജാനിലേക്കോ കരമാർഗം യാത്ര ചെയ്യാൻ അവരോട് നിർദേശിച്ചതായും യു.എസ് വിദേശ മന്ത്രാലയം പറഞ്ഞു.സ്വീഡൻ, ഓസ്‌ട്രേലിയ, പോളണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങളും ഇറാനിലുള്ള തങ്ങളുടെ പൗരന്മാർക്ക് സമാനമായ മുന്നറിയിപ്പുകൾ നൽകി. ഇറാനിലെ ഫ്രഞ്ച് എംബസിയിലെ അനിവാര്യമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാനിലേക്കുള്ള അന്താരാഷ്ട്ര ടെലിഫോൺ സേവനം പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇറാനിലെ മൊബൈൽ ഫോണുകൾ അന്താരാഷ്ട്ര കോളുകൾ ചെയ്യാനുള്ള സൗകര്യം വീണ്ടെടുക്കാൻ തുടങ്ങി. എന്നിരുന്നാലും, ജനുവരി എട്ടു മുതൽ രാജ്യത്ത് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെന്ന് എൻ.ജി.ഒ നെറ്റ്ബ്ലോക്ക്സ് പറയുന്നു.
ഇറാനിൽ പ്രതിഷേധം ആരംഭിച്ച ശേഷം കുറഞ്ഞത് 648 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകി. അമേരിക്കയുമായുള്ള ആശയവിനിമയ മാർഗങ്ങൾ തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ പറഞ്ഞു. ഇറാനെതിരായ സൈനിക നടപടി ഭീഷണിക്കൊപ്പം, പ്രധാന എണ്ണ ഉൽപ്പാദകരായ ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനം പുതിയ താരിഫ് നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ തീരുമാനം അന്തിമവും പിൻവലിക്കാനാവാത്തതുമാണ് – താരിഫ് ചുമത്താനുള്ള നിയമപരമായ അടിസ്ഥാനത്തെ കുറിച്ചോ ഇറാന്റെ എല്ലാ വ്യാപാര പങ്കാളികളെയും പുതിയ താരിഫിലൂടെ ലക്ഷ്യമിടുന്നുണ്ടോ എന്നതിനെ കുറിച്ചോ വിശദാംശങ്ങൾ നൽകാതെ ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നേരിടുന്ന ഇറാൻ, എണ്ണയുടെ ഭൂരിഭാഗവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. തുർക്കി, ഇറാഖ്, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികൾ. ഇറാൻ സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്താൽ അമേരിക്ക ഇറാനു നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഉദ്യോഗസ്ഥരുമായി അമേരിക്ക കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ഇറാൻ പ്രതിപക്ഷവുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച ട്രംപ് പറഞ്ഞു. നയതന്ത്രമാണ് എപ്പോഴും പ്രസിഡന്റിന്റെ ആദ്യ ഓപ്ഷൻ എന്നും എന്നാൽ വ്യോമാക്രമണങ്ങൾ ഉൾപ്പെടെ നിരവധി ബദലുകൾ അദ്ദേഹം പരിഗണിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കയുടെ ഭീഷണിയെ അവഗണിച്ചെങ്കിലും മുന്നോട്ടുവച്ച ആശയങ്ങൾ ഇറാൻ പരിഗണിക്കുന്നുണ്ടെന്ന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു.
സുരക്ഷാ സേനയിലെ അംഗങ്ങൾ ഉൾപ്പെടെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ രക്തച്ചൊരിച്ചിലിന് അമേരിക്കയെ ഇറാൻ കുറ്റപ്പെടുത്തുന്നു. ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള തീവ്രവാദികളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും ഇറാൻ ആരോപിക്കുന്നു. പ്രതിഷേധങ്ങൾ ആരംഭിച്ച ശേഷം 53 പള്ളികളും 180 ആംബുലൻസുകളും അഗ്‌നിക്കിരയാക്കിയതായി ഇറാൻ വിദേശ മന്ത്രി പറഞ്ഞു. എങ്കിലും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദൈനംദിന ജീവിതം ദുരിതത്തിലാക്കിയ രൂക്ഷമായ വിലക്കയറ്റത്തിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.



