തെഹ്‌റാന്‍ – മേഖലയിലെ അമേരിക്കന്‍, ഇസ്രായിലി ധനകാര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ ഇറാനില്‍ ബാങ്ക് ലക്ഷ്യമിട്ട് വ്യോമാക്രമണമുണ്ടായി. ഇതിന് അമേരിക്കയും ഇസ്രായിലും കടുത്ത തിരിച്ചടി പ്രതീക്ഷിക്കണം. മേഖലയില്‍ അമേരിക്കയുമായും ഇസ്രായിലുമായും ബന്ധപ്പെട്ട സാമ്പത്തിക, ബാങ്കിംഗ് കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിക്കുമെന്ന് ഇറാന്‍ ബാങ്കിനു നേരെയുണ്ടായ അമേരിക്കന്‍-ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് ഖാതം അല്‍അന്‍ബിയ സുരക്ഷാ സേന സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ വക്താവ് പറഞ്ഞു.
ഇന്നലെ രാത്രിയില്‍ തെഹ്റാനിലെ ബാങ്കിനു നേരെ അമേരിക്കന്‍, ഇസ്രായിലി ആക്രമണങ്ങളുണ്ടായതായും ഏതാനും ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തിന്റെ തുടക്കം മുതല്‍, ഹുര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തുകയും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതും ഇറാന്‍ പ്രതികാര നടപടികളില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാത്രി ഇസ്രായിലിന് പുതിയ മിസൈല്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. തെല്‍അവീവിനടുത്ത് ഏതാനും പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെ ഇസ്രായില്‍ ബോംബാക്രമണം തുടരുകയാണ്. തെഹ്റാനില്‍ വന്‍ സ്ഫോടനങ്ങള്‍ കേട്ടു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുജ്തബ ഖാംനഇയെ ഇറാന്‍ അധികൃതര്‍ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. എന്നാല്‍ പുതിയ നേതാവ് ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സംഘര്‍ഷത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റതായി വിശദാംശങ്ങള്‍ നല്‍കാതെ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



