ദുബൈ– ഗള്‍ഫിലും ഹുര്‍മുസ് കടലിടുക്കിലും ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മൂന്നു ചരക്കു കപ്പലുകള്‍ക്കു നേരെ ഇന്ന് ഇറാന്‍ ആക്രമണം നടത്തി. യു.എ.ഇ തീരത്ത് മറ്റൊരു ചരക്കു കപ്പലില്‍ അജ്ഞാത പ്രൊജക്‌റ്റൈല്‍ ഇടിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സി അറിയിച്ചു. ദുബൈയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ വടക്കുപടിഞ്ഞാറായി സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന്റെ ക്യാപ്റ്റന്‍ തന്റെ കപ്പലില്‍ അജ്ഞാത പ്രൊജക്‌റ്റൈല്‍ ഇടിച്ചതായി റിപ്പോര്‍ട്ട് ചെയ്തു എന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് പറഞ്ഞു. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, യു.എ.ഇ തീരത്ത് ഒരു കണ്ടെയ്‌നര്‍ കപ്പലിനും പ്രൊജക്‌റ്റൈല്‍ തട്ടി കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒമാന്‍ തീരത്ത് ഹുര്‍മുസ് കടലിടുക്കില്‍ മറ്റൊരു കപ്പലിനും പ്രൊജക്‌റ്റൈല്‍ തട്ടി കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഹുര്‍മുസ് കടലിടുക്കില്‍ പ്രൊജക്‌റ്റൈല്‍ ഇടിച്ചതിനെ തുടര്‍ന്ന് തീപിടുത്തത്തിന് കാരണമാവുകയും ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സി അറിയിച്ചു.



