അബുദാബി – ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്‌കരണ പ്ലാന്റായ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അബുദാബി മീഡിയ ഓഫീസ് എക്‌സ് പ്ലാറ്റ്ഫോം വഴി അറിയിച്ചു. യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്ത പ്രൊജക്‌റ്റൈലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പതിച്ച് അഗ്നിബാധയുണ്ടായതിനെ തുടര്‍ന്നാണ് ഹബ്ഷാന്‍ പ്ലാന്റ് താല്‍ക്കാലികമായി അടച്ചത്. ആര്‍ക്കും പരിക്കില്ല. മിഡില്‍ ഈസ്റ്റിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇത് രണ്ടാം തവണയാണ് ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റ് അടച്ചുപൂട്ടുന്നത്. യു.എ.ഇ ഗ്യാസ് ഫീല്‍ഡുകളില്‍ നിന്ന് വാതകം ശേഖരിക്കാനും സംസ്‌കരിക്കാനും വിതരണം ചെയ്യാനുമുള്ള പ്രധാന കേന്ദ്രമായി അഡ്‌നോക് ആണ് ഹബ്ഷാന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്. എണ്ണ സംസ്‌കരണ സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ ഹുര്‍മുസ് കടലിടുക്കിന് പുറത്തുള്ള ഫുജൈറ തുറമുഖത്തേക്കുള്ള അഡ്‌നോകിന്റെ അസംസ്‌കൃത എണ്ണ പൈപ്പ്ലൈനിന്റെ ആരംഭ പോയിന്റായും ഹബ്ഷാന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



