തെഹ്‌റാന്‍ – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ ഹിസ്ബുല്ല, ഹമാസ് പ്രതിനിധി സംഘങ്ങള്‍ പങ്കെടുക്കുകയും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ട് ചെയ്തു.ഹിസ്ബുല്ല പ്രതിനിധി സംഘത്തില്‍ ഗ്രൂപ്പ് നേതാക്കളും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത അംഗങ്ങളുടെ കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നതായി ഹിസ്ബുല്ല ലെബനീസ് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ മന്ത്രി മുഹമ്മദ് ഫനീഷാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്. ഹമാസ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ദര്‍വീഷ്, പോളിറ്റ്ബ്യൂറോ അംഗങ്ങളായ സാഹിര്‍ ജബാരീന്‍, മൂസ അബൂമര്‍സൂക്ക്, ഇസ്സത്ത് അല്‍റഷ്ഖ്, ഉസാമ ഹംദാന്‍, ബാസിം നഈം എന്നിവരാണ് ചടങ്ങിൽ ഉണ്ടായിരുന്നത്.
അലി ഖാംനഇക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഔദ്യോഗിക പ്രതിനിധികള്‍ക്കായി വെള്ളിയാഴ്ച നീക്കിവെച്ചിരുന്നു. ഫെബ്രുവരി 28 ന് നടന്ന യു.എസ്-ഇസ്രായില്‍ വ്യോമാക്രമണത്തിലാണ് 86 കാരനായ ഖാംനഇ കൊല്ലപ്പെട്ടത്. മിഡില്‍ ഈസ്റ്റില്‍ വ്യാപകമായ സംഘര്‍ഷത്തിന് ഈ ആക്രമണം കാരണമായി. ശനിയാഴ്ച, ഖാംനഇക്ക് വിടനല്‍കാന്‍ തെഹ്റാനിലെ ഗ്രാന്‍ഡ് മോസ്‌ക് സമുച്ചയത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. തെഹ്റാനിലെ ഗ്രാന്‍ഡ് മോസ്‌കിലെ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വരെ തുടരും. ഞായറാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലെ വാരാന്ത്യം വ്യാഴവും വെള്ളിയുമാണ്. ഇറാന്റെ മഹത്വം, ജനങ്ങളുടെ ഐക്യം, അതിന്റെ ശക്തി എന്നിവ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചടങ്ങുകളില്‍ വന്‍തോതില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശ മന്ത്രാലയം പൗരന്മാരോട് അഭ്യര്‍ഥിച്ചു.



