മനാമ: പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് ഇറാൻ ഉയർത്തുന്ന ഭീഷണികൾ ചെറുക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും ആവശ്യപ്പെട്ടു. ബഹ്റൈനിൽ നടന്ന മന്ത്രിതല യോഗത്തിന് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇരുപക്ഷവും ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിൽ യാത്രാക്കപ്പലുകൾക്ക് മേൽ ഏതെങ്കിലും തരത്തിലുള്ള ഫീസുകളോ നികുതികളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രസ്താവന പൂർണ്ണമായി നിരാകരിച്ചു.
യു.എസ്-ഇറാൻ ചർച്ചകളുടെ വേഗത നിലനിർത്തണമെന്നും ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്നും സ്വന്തമാക്കുന്നതിൽ നിന്നും ഇറാനെ തടയണമെന്നും യോഗം ആവശ്യപ്പെട്ടു. ജൂൺ 17-ന് അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെ മന്ത്രിമാർ സ്വാഗതം ചെയ്തു. ഈ ചർച്ചകളിൽ പാകിസ്ഥാനും ഖത്തറും വഹിച്ച മധ്യസ്ഥശ്രമങ്ങൾ നിർണായകമായിരുന്നുവെന്ന് പ്രസ്താവനയിൽ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ഉറപ്പുനൽകുന്ന ഗതാഗത അവകാശങ്ങൾ പാലിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് പ്രാദേശിക-ആഗോള സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. കൂടാതെ, മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തിലധികം നാവികരെ ഒഴിപ്പിക്കാൻ ഒമാനും ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും ചേർന്നൊരുക്കിയ പദ്ധതിയെ മന്ത്രിമാർ സ്വാഗതം ചെയ്തു.
ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ സമഗ്ര പദ്ധതിയെ പിന്തുണയ്ക്കുന്നതായും പ്രസ്താവന വ്യക്തമാക്കി. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ സിവിലിയൻ കേന്ദ്രങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. ആയുധങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിൽ മാത്രമാക്കാനും, അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ സായുധ ഗ്രൂപ്പുകൾ ഇറാഖി മണ്ണ് ഉപയോഗിക്കുന്നത് തടയാനുമുള്ള ഇറാഖ് സർക്കാരിന്റെ ശ്രമങ്ങൾക്ക് ജി.സി.സി-യു.എസ് സഖ്യം പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശിക ജലാശയങ്ങളിൽ കുവൈത്തിനുള്ള പരമാധികാരത്തെയും പ്രസ്താവന അടിവരയിട്ട് ഉറപ്പിച്ചു.
സിറിയയിൽ സുസ്ഥിരവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ സിറിയൻ ജനതയെ പിന്തുണയ്ക്കണമെന്നും, ലെബനോന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്കയ്ക്കുള്ള അചഞ്ചലമായ പങ്കാളിത്തം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്ന് ഗൾഫ് വിദേശകാര്യ മന്ത്രിമാരും ഉറപ്പുനൽകി.



