ദുബായ്: പരമാധികാരത്തെ ലംഘിച്ചുകൊണ്ട് തങ്ങളുടെ അതിർത്തികൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ കുവൈത്തും ബഹ്റൈനും ശക്തമായ ഭാഷയിൽ അപലപിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്ന ഗുരുതരമായ പ്രകോപനമാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെയോടെയാണ് കുവൈത്തിന് നേരെ ഇറാന്റെ ആവർത്തിച്ചുള്ള ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. ആക്രമണത്തെ ഹീനമായ നടപടി എന്ന് വിശേഷിപ്പിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി. കുവൈത്തിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണ് ഇറാൻ നടത്തുന്നത്. ഇത്തരം അക്രമങ്ങൾ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നും കുവൈത്ത് മുന്നറിയിപ്പ് നൽകി.
തങ്ങളുടെ അതിർത്തികൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും, മറിച്ച് ബഹ്റൈന്റെ പരമാധികാരത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നയത്തിന്റെ ഭാഗമാണെന്നും ബഹ്റൈൻ ഭരണകൂടവും കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം നിലനിർത്താനും നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ അപകടകരമായ നീക്കം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.
ഇറാന്റെ ഈ ആക്രമണങ്ങൾക്കെതിരെ അറബ് ലോകത്തുനിന്നും വിവിധ മുസ്ലിം സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു. ഇറാന്റെ നടപടി എല്ലാ മതമൂല്യങ്ങൾക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും വിരുദ്ധമാണെന്ന് ലീഗ് ജനറൽ സെക്രട്ടറിയും മുസ്ലിം പണ്ഡിത സഭ അധ്യക്ഷനുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽകാരിം അൽ ഈസ വ്യക്തമാക്കി.
കുവൈത്തിന്റെയും ബഹ്റൈന്റെയും പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ജോർദാൻ, തങ്ങളുടെ അതിർത്തി സംരക്ഷിക്കാൻ അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു. ഇറാനിയൻ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച ഈജിപ്തും, മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം പ്രകോപനങ്ങൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയും ജനങ്ങളുടെ ജീവനും സംരക്ഷിക്കാൻ കുവൈത്തും ബഹ്റൈനും സ്വീകരിക്കുന്ന എല്ലാ നപടികൾക്കും അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചു.



