തെഹ്‌റാന്‍ – ഇസ്രായില്‍ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് അറിയിച്ച ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് ഇറാനില്‍ യഥാര്‍ഥത്തില്‍ ഭരണചക്രം നിയന്ത്രിച്ചിരുന്ന നേതാവെന്നും മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നെന്നും മുതിര്‍ന്ന ഇറാന്‍ നേതാക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പരമോന്നത നേതാവ് അലി ഖാംനഇയുടെ വധത്തെ തുടര്‍ന്ന്, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി എന്ന നിലയില്‍ ഇറാന്റെ സുരക്ഷാ, തന്ത്രപരമായ നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
താനും മകന്‍ മുജ്തബയും കൊല്ലപ്പെട്ടാല്‍ രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരമോന്നത നേതാവ് അലി ഖാംനഇ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയും തന്റെ ഏറ്റവും വിശ്വസ്തനുമായ അലി ലാരിജാനിയെ ചുമതലപ്പെടുത്തിയിരുന്നതായി കഴിഞ്ഞ ആഴ്ച മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും അമേരിക്കന്‍ ഭീഷണികള്‍ ഉയര്‍ന്നുവരികയും ചെയ്ത ജനുവരി ആദ്യം മുതല്‍ അലി ലാരിജാനിയാണ് രാജ്യത്തെ തന്ത്രപ്രധാനമായ രാഷ്ട്രീയ, സുരക്ഷാ കാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്തുവരുന്നതെന്ന് ആറ് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥരും റെവല്യൂഷണറി ഗാര്‍ഡിലെ മൂന്ന് അംഗങ്ങളും രണ്ട് മുന്‍ നയതന്ത്രജ്ഞരും വ്യക്തമാക്കി.
മുതിര്‍ന്ന രാഷ്ട്രീയക്കാരനും മുന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനുമായ 67 കാരനായ അലി ലാരിജാനിയാണ് രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഏതെങ്കിലും അമേരിക്കന്‍, ഇസ്രായിലി ആക്രമണങ്ങള്‍ക്കെതിരെ ഇറാന്റെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ അലി ലാരിജാനിക്കും ചില രാഷ്ട്രീയ, സൈനിക ഉപദേഷ്ടാക്കള്‍ക്കും അലി ഖാംനഇ നിര്‍ദേശം നല്‍കിയതായി ആറ് ഉദ്യോഗസ്ഥരും റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളും സൂചിപ്പിച്ചു.
67 കാരനായ അലി ലാരിജാനി ഇറാനിലെ പ്രമുഖ മതകുടുംബത്തില്‍ നിന്നുള്ളയാളാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ സാദിഖ് ലാരിജാനി ഒരു ദശാബ്ദക്കാലം ജുഡീഷ്യറിയുടെ തലവനായിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ച ദീര്‍ഘകാല നേതൃത്വ ചരിത്രം കണക്കിലെടുക്കുമ്പോള്‍, ഇറാന്റെ രാഷ്ട്രീയ, സുരക്ഷാ സ്ഥാപനങ്ങളിലെ ഏറ്റവും പ്രമുഖനും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളുമായി അലി ലാരിജാനി കണക്കാക്കപ്പെടുന്നുണ്ട്.
എന്നിരുന്നാലും, 1990 കളുടെ അവസാനത്തില്‍, ഭൂമി കൈയേറ്റം, കൈക്കൂലി, കോടിക്കണക്കിന് ടോമന്‍ അടങ്ങിയ 63 വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ കൈവശം വെക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ ലാരിജാനി സഹോദരന്മാര്‍ ഉള്‍പ്പെട്ടു. ഇതൊക്കെയാണെങ്കിലും, 1992 മുതല്‍ 2003 വരെ അദ്ദേഹം സാംസ്‌കാരിക, ഇസ്‌ലാമിക ഗൈഡന്‍സ് മന്ത്രിയായി നിയമിതനായി. 1993 മുതല്‍ 2004 വരെ ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി തലവനായും സേവനമനുഷ്ഠിച്ചു. 2005 നും 2007 നും ഇടയില്‍, മഹ്‌മൂദ് അഹ്‌മദിനെജാദിന്റെ ഭരണത്തിന്റെ തുടക്കത്തോടനുബന്ധിച്ച്, അലി ലാരിജാനി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ഇറാന്‍ ആണവ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അഹ്‌മദിനെജാദുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് രാജിവെച്ചു. 2025 ഓഗസ്റ്റ് 5 ന് വീണ്ടും ഈ പദവിയില്‍ തിരിച്ചെത്തി.
2008 മുതല്‍ 2020 വരെ അലി ലാരിജാനി പാര്‍ലമെന്റ് സ്പീക്കറായും സേവനമനുഷ്ഠിച്ചു. വിവിധ സമയങ്ങളില്‍ ലോകശക്തികളുമായി ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 2015 ലെ ആണവ കരാറിന് (സംയുക്ത സമഗ്ര പദ്ധതി) പിന്നിലെ പ്രധാന വ്യക്തിയായിരുന്നു. 2021 ല്‍, ചൈനയുമായി മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ 25 വര്‍ഷത്തെ തന്ത്രപരമായ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ലാരിജാനിയെ ചുമതലപ്പെടുത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം രണ്ടുതവണ ശ്രമിച്ചു. പക്ഷേ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം നിരസിക്കുകയായിരുന്നു.



