തെഹ്‌റാൻ: ഭാവിയിൽ മറ്റൊരു യുദ്ധം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഗ്യാരണ്ടി വേണമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി. വിദേശ ശക്തികൾ ഇറാനെതിരെ വീണ്ടും സംഘർഷം അടിച്ചേൽപ്പിക്കുന്നത് തടയാനുള്ള ശക്തമായ നീക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പിയോട് വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യം വെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ജൂണിൽ യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വെടിനിർത്തൽ ഉണ്ടായെങ്കിലും മാസങ്ങൾക്ക് ശേഷം ശത്രുക്കൾ വീണ്ടും സംഘടിച്ച് ആക്രമണം നടത്തിയ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സമാധാന ചർച്ചകൾ കേവലം താത്കാലിക വെടിനിർത്തലിലല്ല, മറിച്ച് സംഘർഷം പൂർണ്ണമായും അവസാനിപ്പിക്കുന്ന സമഗ്രമായ ഒരു ഒത്തുതീർപ്പിലാണ് എത്തേണ്ടതെന്നും ഇറാൻ നിലപാടെടുത്തു.
ഇറാനെതിരായ ഏതൊരു നീക്കത്തിലും അമേരിക്ക പങ്കാളിയായാൽ മേഖലയിലെ മുഴുവൻ യുഎസ് സൈനിക കേന്ദ്രങ്ങളും ആസ്തികളും തങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കുമെന്ന് അയൽരാജ്യങ്ങളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക നീക്കങ്ങൾ പൂർണ്ണമായും പ്രതിരോധാത്മകമാണെന്നും ആവശ്യമുള്ളിടത്തോളം കാലം സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും റവാഞ്ചി കൂട്ടിച്ചേർത്തു. അമേരിക്കയുമായുള്ള പുതിയ റൗണ്ട് ചർച്ചകൾക്ക് ഒമാൻ മധ്യസ്ഥത വഹിച്ചു വരുന്നതിനിടെയാണ് പുതിയ സംഘർഷങ്ങൾ ഉടലെടുത്തത്. ഹുർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണങ്ങൾ തള്ളിയ മന്ത്രി, സ്വന്തം ജലാതിർത്തിയും മാതൃരാജ്യവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്രയിൽ, തങ്ങൾക്കെതിരായ ആക്രമണത്തിൽ പങ്കെടുക്കാത്ത രാജ്യങ്ങളോട് സഹകരിക്കാൻ ഇറാൻ തയ്യാറാണ്. എന്നാൽ ശത്രുപക്ഷത്ത് നിൽക്കുന്നവർക്ക് ഈ സുരക്ഷാ സൗകര്യം ലഭിക്കില്ലെന്ന് ഇറാൻ വേർതിരിച്ചു കാണുന്നു. ഭരണകൂടം തകരുമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കണക്കുകൂട്ടലുകൾ തെറ്റിയെന്നും ഏത് സമ്മർദ്ദത്തെയും അതിജീവിക്കാൻ ഇറാൻ സുസജ്ജമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൈനികമായല്ല മറിച്ച് നയതന്ത്ര മാർഗത്തിലൂടെ സ്ഥിരമായ പരിഹാരം വേണമെന്നാണ് ആഗ്രഹം. വെടിനിർത്തൽ എന്നത് യുദ്ധത്തിന്റെ താത്കാലിക വിരാമമാകരുത്, മറിച്ച് സംഘർഷത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്ന സമഗ്രമായ ചട്ടക്കൂടായിരിക്കണം. ഡിസംബർ ആദ്യം യൂറോപ്യൻ പ്രതിനിധികളുമായി നടത്തിയ രണ്ടാം റൗണ്ട് ചർച്ചകളുടെ വിവരങ്ങൾ മജീദ് തഖ്ത് റവാഞ്ചി ഇറാൻ ദേശീയ സുരക്ഷാ സമിതിയെ ധരിപ്പിച്ചു.



