തെഹ്‌റാന്‍ – അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും വിമാനത്തിലെ ജീവനക്കാരെ ജീവനോടെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു. എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടതിന്റെയും അതിന്റെ അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ ഇറാനിലെ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേന ഹെഡ്ക്വാര്‍ട്ടേഴ്സും ഔദ്യോഗിക മാധ്യമങ്ങളും പുറത്തുവിട്ടു. ബ്രിട്ടനിലെ ലേക്കന്‍ഹീത്ത് താവളത്തില്‍ നിന്നുള്ള, എല്‍.എന്‍ എന്ന കോഡുള്ള എഫ്-35 വിമാനം നൂതന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ അറിയിച്ചു. വിമാനത്തിലെ പൈലറ്റിനു വേണ്ടി സായുധ സേന തിരച്ചില്‍ ആരംഭിച്ചതായി ഇറാന്‍ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തകര്‍ന്ന വിമാനത്തിലെ ജീവനക്കാരെ രക്ഷിക്കാന്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ ഇറാന് മുകളിലൂടെ പറക്കാന്‍ തുടങ്ങിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അഹ്‌വാസ്, ചാഹര്‍മഹല്‍, ബക്തിയാരി എന്നിവിടങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി പറന്നുകൊണ്ടിരിക്കുകയാണ്. ഒരു അമേരിക്കന്‍ വിമാനം ഇറാന്‍ പ്രദേശത്തിനുള്ളില്‍ തകര്‍ന്നതായി ആക്‌സിയോസ് ഇന്റലിജന്‍സ് വെബ്സൈറ്റ് സ്ഥിരീകരിച്ചു. വിമാനത്തിലെ രണ്ടു ജീവനക്കാര്‍ക്കായി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എഫ്-15 ഈഗിള്‍ യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ ഇറാന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ താഴ്ന്ന ഉയരത്തില്‍ മൂന്ന് യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇറാന്‍ വ്യോമ പ്രതിരോധത്തിന്റെ ലക്ഷ്യത്തില്‍ പെടാതിരിക്കാന്‍ താഴ്ന്ന ഉയരത്തില്‍ പറക്കാന്‍ ശ്രദ്ധിക്കുന്ന യുദ്ധവിമാനവും രണ്ട് ഹെലികോപ്റ്ററുകളും തെഹ്റാന്റെ പടിഞ്ഞാറ് പറക്കുന്നത് വീഡിയോയില്‍ കാണിച്ചു.
ഹുര്‍മുസ് കടലിടുക്കിലെ ഖഷം ദ്വീപിനു മുകളില്‍ വെച്ച് ശത്രുവിന്റെ ഒരു യുദ്ധവിമാനം വെടിവച്ചിട്ടെന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യാഴാഴ്ച നിഷേധിച്ചിരുന്നു. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടിട്ടുണ്ട്.



