തെഹ്‌റാന്‍ – യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന്‍ മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.
തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന അവകാശങ്ങള്‍ ഉപേക്ഷിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ആണവ ചര്‍ച്ചകള്‍ ഇറാന്‍ തത്വത്തില്‍ നിരാകരിക്കുന്നില്ല. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുന്നതിനെ കുറിച്ച വ്യവസ്ഥയുള്ള ഒരു ചര്‍ച്ചയും നടക്കില്ല. ഈ ആവശ്യം ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനകള്‍ വൈരുധ്യാത്മകവും വിശ്വാസ്യതയില്ലാത്തതുമാണെന്നും അലി അക്ബര്‍ വിലായതി പറഞ്ഞു.
ഇറാന്‍ ആഭ്യന്തര മന്ത്രി ഇസ്‌കന്ദര്‍ മൊമെനി, ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുല്‍അമീര്‍ അല്‍ശമ്മരി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ശിയാ വിഭാഗക്കാരുടെ അര്‍ബഈന്‍ തീര്‍ഥാടനം സുഗമമാക്കുന്നതിലും ഇറാന്‍ വഴി പാക്കിസ്ഥാന്‍ തീര്‍ഥാടകരെ ഇറാഖിലെത്തിക്കാനുമുള്ള സംയുക്ത ഏകോപനം നടത്തുന്നതിലും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ തസ്നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാസ യുദ്ധം ഉള്‍പ്പെടെയുള്ള പ്രാദേശിക സംഭവവികാസങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. അമേരിക്ക പിന്തുണക്കുന്ന ഇസ്രായിലിന്റെ നിയമ ലംഘനങ്ങള്‍ നേരിടാന്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കണമെന്ന് ഇറാനും പാക്കിസ്ഥാനും ആവശ്യപ്പെട്ടു.
ഇസ്രായിലിലേക്കുള്ള എണ്ണ കയറ്റുമതിയും ഇസ്രായിലിനും സിറിയക്കും ഇടയിലുള്ള രാഷ്ട്രീയ മധ്യസ്ഥതയും അടക്കമുള്ള അസര്‍ബൈജാന്‍ സര്‍ക്കാരിന്റെ നിലപാടുകളെ അലി അക്ബര്‍ വിലായതി രൂക്ഷമായി വിമര്‍ശിച്ചു. പാക്കിസ്ഥാന് അസര്‍ബൈജാനുമായി അടുത്ത ബന്ധമുണ്ട്. പക്ഷേ, ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലായ സമയത്ത് ഇസ്രായിലിലേക്ക് എണ്ണ കയറ്റുമതി ചെയ്യുക, സിറയക്കും സയണിസ്റ്റ് ഭരണകൂടത്തിനും ഇടയില്‍ മധ്യസ്ഥത വഹിക്കുക തുടങ്ങിയ ഇസ്‌ലാമിക ലോകത്തിന്റെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടാത്ത നടപടികള്‍ അസര്‍ബൈജാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ ഈ നടപടികള്‍ എന്തിനാണ് സ്വീകരിക്കുന്നതെന്ന് അസര്‍ബൈജാന്‍ സര്‍ക്കാരിനോട് ചോദിക്കണമെന്നും അലി അക്ബര്‍ വിലായതി പറഞ്ഞു.
സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് നടത്തിയ അസര്‍ബൈജാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച ബാക്കുവില്‍ സിറിയന്‍ ഉദ്യോഗസ്ഥനും ഇസ്രായിലി ഉദ്യോഗസ്ഥനും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഇറാന്‍ പ്രതിഷേധത്തിന് കാരണമെന്ന് ദമാസ്‌കസിലെ നയതന്ത്ര വൃത്തങ്ങള്‍ എ.എഫ്.പിയോട് പറഞ്ഞു.