തെഹ്റാന്- അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനായി ഇറാന് ദ്വിദിന പദ്ധതി മുന്നോട്ടുവെച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ ദ്വിദിന പദ്ധതി രൂപപ്പെട്ടതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി അറിയിച്ചു. ഇതനുസരിച്ച്, ആദ്യ ദിവസം അമേരിക്ക ചില നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് രണ്ടാം ദിവസം ഇറാന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും കപ്പല്‍ ഗതാഗതം സാധാരണ നിലയിലാക്കുകയും ചെയ്യും.
നേരത്തെ ഏഴു ദിവസത്തെ പദ്ധതിയായിരുന്ന ഇത്, ഖത്തര്‍ മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 48 മണിക്കൂറുള്ള (രണ്ടു ദിവസത്തെ) പദ്ധതിയായി ചുരുക്കുകയായിരുന്നു.
ചര്‍ച്ചകള്‍ നടപ്പിലാക്കലിലേക്ക് നീങ്ങുകയാണെന്ന് അറാഖ്ജി പറഞ്ഞു. ദ്വിദിന പദ്ധതി അമേരിക്കയുടെ നടപടികളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ അമേരിക്ക ഇതുവരെ പരസ്യമായി ഇതിനോട് സമ്മതം അറിയിച്ചിട്ടില്ല. ഈ പദ്ധതി ചില നിബന്ധനകള്‍ക്ക് വിധേയമാണ്. ഇറാന് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അമേരിക്ക ആദ്യം അംഗീകരിക്കണം. ഉപരോധങ്ങളില്‍ ഇളവ് നല്‍കണമെന്നതാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ആഗോള ഊര്‍ജ വിതരണത്തിലെ വലിയൊരു തടസ്സം നീക്കാനും, കപ്പല്‍ ഗതാഗതത്തിലും എണ്ണ വിപണിയിലുമുള്ള അപകടസാധ്യതകള്‍ കുറക്കാനും സഹായിക്കും. എന്നാല്‍, ഇറാന് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അമേരിക്ക പാലിച്ചാല്‍ മാത്രമേ ഈ പദ്ധതി നടപ്പിലാകൂ. ഇറാന്റെ വ്യവസ്ഥകള്‍ അമേരിക്ക നടപ്പാക്കാന്‍ തുടങ്ങുന്നത് വരെ ഹോര്‍മുസ് വീണ്ടും തുറക്കില്ല എന്നാണ് ഇറാന് അര്‍ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നത്. എന്നാല്‍ ഹോര്‍മുസ് തുറന്നുകിടക്കുകയാണെന്ന് യു.എസ് സൈന്യം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



