തെഹ്‌റാന്‍– ഇറാനെതിരായ ഏതൊരു അമേരിക്കന്‍ ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍. രാജ്യവ്യാപകമായ പ്രതിഷേധങ്ങളില്‍ 500 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറഞ്ഞത് 5,000 പേര്‍ കൊല്ലപ്പെട്ടുവെന്ന ഇറാന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവനക്കു പിന്നാലെയാണ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. ഏതെങ്കിലും അന്യായമായ ആക്രമണത്തിനെതിരായ ഇറാന്റെ പ്രതികരണം കഠിനവും ഖേദകരവുമായിരിക്കും. ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യം വെച്ചുള്ള ഏതൊരു ആക്രമണവും രാഷ്ട്രത്തിനെതിരായ സമ്പൂര്‍ണ്ണമായ യുദ്ധമായിരിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക സ്ഥിതിഗതികള്‍ വഷളായതു കാരണം ജീവിത സാഹചര്യങ്ങള്‍ മോശമായതില്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇറാനിലെ പുരോഹിത ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പ്രായത്തിലുമുള്ള, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലുള്ള സാധാരണക്കാര്‍ പങ്കാളിത്തം വഹിച്ച വ്യാപകമായ പ്രകടനങ്ങളായി ഇത് മാറി. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,000 കവിഞ്ഞതായി ഇറാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ഇവരിൽ ഏകദേശം 500 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.
ഇറാനില്‍ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് ഇറാന്‍ വധശിക്ഷ നടപ്പാക്കിയാല്‍ വളരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനില്‍ ഭരണമാറ്റത്തിനുള്ള സമയം അതിക്രമിച്ചതായി ശനിയാഴ്ച ട്രംപ് പറഞ്ഞു.
1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും മാരകമായ അശാന്തിയില്‍ ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. പ്രതിഷേധത്തിനിടെ അറസ്റ്റിലായവരെ വധശിക്ഷക്ക് വിധേയരാക്കിയേക്കുമെന്ന് ഇറാന്‍ ഞായറാഴ്ച സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് ജുഡീഷ്യറി വക്താവ് പറഞ്ഞു. കൂടുതല്‍ പ്രകടനങ്ങള്‍ തടയാനും ഭീഷണികള്‍ നടപ്പാക്കുന്നതില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാനുമുള്ള ശ്രമമായാണ് ഇത് കാണപ്പെടുന്നത്.



