തെഹ്‌റാൻ: സാമ്പത്തിക, നാവിക ഉപരോധങ്ങളിലൂടെ രാജ്യത്ത് ആഭ്യന്തര ഭിന്നത വിതക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പ്രസ്താവിച്ചു. എന്നാൽ, ഇറാൻ ജനതയുടെ ഐക്യത്തിലൂടെ ഇത്തരം ഗൂഢാലോചനകളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് നാവിക ഉപരോധത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ ഇറാന് എണ്ണ കയറ്റുമതി സാധ്യമായിട്ടില്ലെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ഉപരോധം ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 86 വാണിജ്യ കപ്പലുകളുടെ സഞ്ചാരപാത മാറ്റിയതായും മൂന്ന് കപ്പലുകളെ ആക്രമിച്ചു പ്രവർത്തനരഹിതമാക്കിയതായും കഴിഞ്ഞ ബുധനാഴ്ച യു.എസ് സൈന്യം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, രാജ്യത്തെ പ്രധാന എണ്ണ തുറമുഖമായ ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ യു.എസ് ആക്രമണമുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെറിയ ടാങ്കറിന് നേരെ നടന്ന ആക്രമണത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഖാർഗിന് സമീപം യു.എസ് സൈന്യം മിസൈൽ ഉപയോഗിച്ചാണ് ടാങ്കർ ആക്രമിച്ചതെന്ന് പ്രാദേശിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ‘നൂർ ന്യൂസ് ഏജൻസി’ വെളിപ്പെടുത്തി.
ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളെ തുടർന്ന് ഉടലെടുത്ത സംഘർഷത്തിൽ, ഒരു മാസത്തെ ശാന്തതയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയോടെ വീണ്ടും സൈനിക നടപടികൾ ശക്തമായി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
പിക്ക്ആക്സ് പർവ്വതനിരകളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര ബോംബാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ നിന്ന് മൈനുകൾ പൂർണ്ണമായും നീക്കം ചെയ്തതായി അവകാശപ്പെട്ട ട്രംപ്, ഇറാനിൽ നടക്കുന്നത് പൂർണ്ണമായ യുദ്ധമല്ലെന്നും ചെറിയ തോതിലുള്ള സൈനിക നടപടി മാത്രമാണെന്നും കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും യുദ്ധം തങ്ങൾക്ക് നിസ്സാര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
19 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടും വിഷയത്തെ നിസ്സാരമായി കാണുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിയറ്റ്നാമിലെയും അഫ്ഗാനിസ്ഥാനിലെയും വർഷങ്ങൾ നീണ്ട യുദ്ധങ്ങളുമായി താരതമ്യം ചെയ്താണ് ട്രംപ് മറുപടി നൽകിയത്. “ഇതിനെ എന്ത് വേണമെങ്കിലും വിളിക്കാം, അത് പ്രധാനമല്ല. ആണവായുധം നേടുന്നതിൽ നിന്ന് ഇറാനെ തടഞ്ഞു എന്ന വലിയ വിജയമാണ് പ്രധാനം. ഹോർമുസ് കടലിടുക്ക് ഇപ്പോൾ യു.എസ് നിയന്ത്രണത്തിലാണ്. ധാരാളം എണ്ണ ടാങ്കറുകളും കപ്പലുകളും ഇപ്പോഴും ഇതുവഴി കടന്നുപോകുന്നുണ്ട്,” ട്രംപ് വ്യക്തമാക്കി.







