തെഹ്‌റാൻ: ഇറാൻ നേതാക്കൾ ഒളിവിൽ കഴിയുകയാണെന്ന യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും മുതിർന്ന നേതാക്കളും തെരുവിലിറങ്ങി. ഖുദ്‌സ് ദിനാചരണത്തിന്റെ ഭാഗമായി തെഹ്‌റാനിലെ ജനങ്ങൾക്കിടയിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചാണ് പ്രസിഡന്റ് പെസെഷ്‌കിയാൻ അമേരിക്കൻ വെല്ലുവിളിയെ നേരിട്ടത്. ഇറാൻ നേതാക്കൾ ഒളിച്ചോടുകയാണെന്ന് യു.എസ് ആരോപിച്ചതിന് പിന്നാലെയായിരുന്നു ഈ പരസ്യ നീക്കം.
തങ്ങളുടെ നേതാക്കൾ ജനങ്ങൾക്കൊപ്പമുണ്ടെന്നും എന്നാൽ അമേരിക്കൻ നേതാക്കൾ എപ്‌സ്റ്റൈൻ ദ്വീപിലാണ് (Epstein Island) ഉള്ളതെന്നും പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ഉപദേഷ്ടാവ് അലി ലാരിജാനി മാധ്യമങ്ങളോട് പ്രതികരിച്ചു. മിസ്റ്റര്‍ ഹിഗ്സെത്ത്! ഞങ്ങളുടെ നേതാക്കള്‍ ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. നിങ്ങളുടെ നേതാക്കള്‍? അവര്‍ എപ്സ്‌റ്റൈന്‍ ദ്വീപിലാണ്! ലാരിജാനി പറഞ്ഞു.
മുജ്തബ ഖാംനഇയുടെ മുഖം ആക്രമണത്തിൽ വികൃതമായെന്നും അദ്ദേഹത്തിന് നിയമസാധുതയില്ലെന്നുമുള്ള ഹെഗ്‌സെത്തിന്റെ പ്രസ്താവനകളെ ഇറാൻ തള്ളി. ഫെബ്രുവരി 28-ന് നടന്ന ആക്രമണങ്ങളിൽ നിന്ന് സുപ്രീം നേതാവ് മുജ്തബ ഖാംനഇ രണ്ടുതവണ രക്ഷപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.


പിതാവ് അലി ഖാംനഇയുടെ പിൻഗാമിയായി ചുമതലയേറ്റ ശേഷം മുജ്തബ ഖാംനഇ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. പുതിയ പദവി ഏറ്റെടുത്ത് നാലാം ദിവസമാണ് അദ്ദേഹം സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്.


പത്ത് ദശലക്ഷം ഡോളർ അമേരിക്ക ഇനാം പ്രഖ്യാപിച്ച നേതാക്കൾ കൂടിയാണ് ഇപ്പോൾ ഭീഷണികൾ അവഗണിച്ച് ജനങ്ങൾക്കിടയിലേക്ക് എത്തിയത്. നേതാക്കൾ ജനങ്ങൾക്കിടയിൽ സുരക്ഷിതരാണെന്ന് തെളിയിക്കുന്നതിലൂടെ അമേരിക്കയുടെ മനഃശാസ്ത്രപരമായ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.



