തെഹ്‌റാൻ: പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ സംയുക്ത ഡ്രോൺ ഇറാൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖെഷം ദ്വീപിനടുത്ത് വലിയ രീതിയിൽ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ ശബ്ദം കേട്ടതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ തകർത്ത വാർത്ത പുറത്തുവരുന്നത്.
എന്നാൽ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി യു.എസ് സൈന്യം രംഗത്തെത്തി. ഇറാന്റെ റിപ്പോർട്ടുകൾ വ്യാജമാണെന്നും മേഖലയിൽ ഒരു യു.എസ് വിമാനവും വെടിവെച്ചിട്ടിട്ടില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
തുടർച്ചയായ ഡ്രോൺ വേട്ടയെന്ന് ഇറാൻ മാധ്യമങ്ങൾ
തെക്കൻ ഇറാനിലെ തീരദേശ നഗരമായ ബൂഷെഹറിന് സമീപം മറ്റൊരു യു.എസ് ഡ്രോൺ മിസൈൽ ഉപയോഗിച്ച് തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡിന് കീഴിലുള്ള തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ബൂഷെഹറിലെ ജം പ്രദേശത്താണ് ഈ ഡ്രോൺ തകർന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഗൾഫ് ഉൾക്കടലിന് മുകളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വസ്തുവിന് നേരെ വ്യോമ പ്രതിരോധ സംവിധാനം വെടിയുതിർത്തതായി ഫാർസ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഘർഷഭരിതമായി ഹോർമുസ് കടലിടുക്ക്
മേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത സൈനിക നീക്കങ്ങളാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്കിൽ യു.എസ് കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണിയുയർത്തിയ ഡ്രോണുകളുടെ കമാൻഡ് സെന്റർ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെ യു.എസ് സൈന്യം ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം ആക്രമണം നടത്തിയിരുന്നു. അതിനുമുമ്പ്, ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് വെടിവെപ്പ് നടത്തി രണ്ട് കപ്പലുകളെ കടലിടുക്കിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇതാണ് യു.എസ് ആക്രമണത്തിന് പ്രകോപനമായത്.
മേഖലയിൽ വെടിനിർത്തലിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അമേരിക്കയും ഇറാനും ഹോർമുസ് കടലിടുക്കിൽ പരസ്പരം ആക്രമണം നടത്തിയത് എന്നത് അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.



