വാഷിംഗ്ടൺ: ജോർദാനിലെ വ്യോമതാവളത്തിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ അമ്പരപ്പിലായി അമേരിക്കൻ സൈനിക-രാഷ്ട്രീയ നേതൃത്വം. അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ള മിസൈൽ തന്ത്രങ്ങൾ ഇറാൻ വികസിപ്പിച്ചതായി യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് മിസൈലുകളുടെ ഉപയോഗം തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി വർധിപ്പിക്കുന്നതാണ്. ഇറാന് റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ഇന്റലിജൻസ്, സാങ്കേതിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടാകാമെന്ന സംശയം അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നതായി ‘ദി വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ കുടുംബങ്ങളെ യു.എസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് സെനറ്റർ ജീൻ ഷഹീൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. വിനാശകരമായ ഈ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്ന് ജീൻ ഷഹീൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കൻ സൈനികരുടെ വീരമൃത്യു അമേരിക്കയുടെ നിശ്ചയദാർഢ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയത്.
ജോർദാനിലെ മുവഫഖ് സൽത്തി വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നും ഒരാളെ കാണാതായെന്നും ഏതാനും പേർക്ക് പരിക്കേറ്റതായും യു.എസ് സെൻട്രൽ കമാൻഡ് ഇന്നലെ രാത്രി സ്ഥിരീകരിച്ചു. പരിക്കേറ്റ നാല് സൈനികരെ ചികിത്സയ്ക്കായി ജോർദാനിലെ ആശുപത്രികളിലേക്ക് മാറ്റി. ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു. നിസാര പരിക്കേറ്റ മറ്റ് ചിലർ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചതായും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.
അതീവ സുരക്ഷയുള്ള സെൻസിറ്റീവ് ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിൽ ഇറാൻ വിജയിച്ചത്, അവർക്ക് റഷ്യയുടെയോ ചൈനയുടെയോ സഹായമോ രഹസ്യാന്വേഷണ വിവരങ്ങളോ ലഭിച്ചിട്ടുണ്ടാകാമെന്ന ആശങ്ക അമേരിക്കൻ നേതൃത്വങ്ങൾക്കിടയിൽ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ ആദ്യം പ്രസിഡന്റ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാന്റെ ആക്രമണത്തിൽ അമേരിക്കൻ സൈനികരുടെ ഭാഗത്തുണ്ടാകുന്ന ആദ്യത്തെ ആളപായമാണിത്.
ഇറാൻ അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയാൽ യുദ്ധത്തിലേക്ക് മടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് സൈന്യവും സഖ്യസേനയും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായതെന്ന് യു.എസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സമീപ മാസങ്ങളിലായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മുവഫഖ് സൽത്തി വ്യോമതാവളത്തിന് നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തിവരികയായിരുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷങ്ങൾക്കിടെ വിവിധ ആക്രമണങ്ങളിലും അപകടങ്ങളിലുമായി 14 യു.എസ് സൈനികർ നേരത്തെ കൊല്ലപ്പെട്ടതായി പെന്റഗൺ അറിയിച്ചിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്നാണ് പതിനഞ്ചാമതൊരു സൈനികൻ മരിച്ചത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഈ മാസം യു.എസും ഇറാനും തമ്മിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് പിന്നീട് കപ്പലുകൾ, ഗൾഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഊർജ കേന്ദ്രങ്ങൾ, പാലങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങളിലേക്ക് വ്യാപിച്ചു. തുടർച്ചയായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുന്നുണ്ടെങ്കിലും, ഇരുപക്ഷവും ഇതുവരെ പൂർണ്ണമായൊരു യുദ്ധത്തിലേക്ക് വഴുതിവീഴുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിശകലന വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ ഈ രീതിയിൽ സംഘർഷം തുടരുന്നത് നിയന്ത്രണാതീതമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമായി തുടരുകയാണ്. ഇറാന്റെ റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിടാൻ ശേഷിയുള്ള എഫ്-16 യുദ്ധവിമാനങ്ങൾ ജർമ്മനിയിലെ സ്പാങ്ഡാഹ്ലെം എയർ ബേസിൽ നിന്ന് അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ബ്രിട്ടനിലെ ലേക്കൻഹീത്ത് വ്യോമതാവളത്തിൽ നിന്ന് എഫ്-35 സ്റ്റെൽത്ത് ഫൈറ്ററുകളും, ആകാശത്തുവെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന സ്ട്രാറ്റോടാങ്കർ വിമാനങ്ങളും അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്.




