ടെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായിൽ, യു.എസ്, യു.കെ, ജോർദാൻ സേനകൾ വെടിവെച്ചു വീഴ്ത്തുമ്പോഴും ഇസ്രായിലിൽ ഉടനീളം വ്യോമാക്രമണ സൈറണുകളും സ്ഫോടനങ്ങളും മുഴങ്ങുന്നു. ടെൽ അവീവ്, ജെറൂസലേം എന്നിവടങ്ങളിലെല്ലാം അപകടമുന്നറിയിപ്പ് അറിയിച്ച് സൈറൺ മുഴങ്ങുകയാണ്.
സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാൻ ആവർത്തിച്ചു. ഇസ്രായിൽ പാർലമെന്റായ നെസെറ്റിന് മുകളിലൂടെ ഇറാൻ വിക്ഷേപിച്ച മിസൈൽ പറക്കുന്നതും ഇസ്രായിൽ അതിനെ പ്രതിരോധിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇസ്രായിലിന് നേരെ 200 ലധികം പ്രൊജക്‌ടൈലുകൾ ഇറാൻ വിക്ഷേപിച്ചതായും അവയിൽ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും ഇസ്രായിൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
“നിരവധി ഇറാനിയൻ മിസൈലുകൾ ഇസ്രായിൽ പ്രദേശത്തിനകത്ത് വീണു, ഒരു സൈനിക താവളത്തിനും നാശനഷ്ടമുണ്ടായിട്ടില്ല. ഒരു ചെറിയ പെൺകുട്ടിക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം തുടരുകയാണെന്നും പ്രതിരോധിക്കാൻ “പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നുവെന്നും ഹഗാരി വ്യക്തമാക്കി.
അതിനിടെ, ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളിൽ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ സുരക്ഷാ കൗൺസിൽ പ്രസിഡന്റി കത്തെഴുതി.
“ഇറാൻ ആക്രമണം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്, ഇറാനെതിരെ ശക്തമായ നടപടിയെടുക്കാൻ കൗൺസിൽ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എർദാൻ കത്തിൽ പറഞ്ഞു.
മേഖലയിലെ “സൈനിക വർദ്ധനവ്” സംബന്ധിച്ച് സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധവും ആക്രമണവും ഒഴിവാക്കാൻ എല്ലാവരും സംയമനം പാലിക്കണമെന്നും സൗദി വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഘർഷം വ്യാപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്.പി.എ പുറത്തുവിട്ട പ്രസ്താവനയിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 19 ഫലസ്തീനികൾ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെയും അവരുടെ വീടുകൾക്കെതിരെയും ആക്രമണം തുടരുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.