ജനീവ: ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന് പൂർണമായ അംഗത്വം നൽകണമെന്ന് ഇന്ത്യ. അംഗമാകാനുള്ള ഫലസ്തീന്റെ ശ്രമത്തെ കഴിഞ്ഞ മാസം തടഞ്ഞ അമേരിക്കൻ നിലപാട് പുനപരിശോധിക്കണമെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിരം കാംബോജ് പറഞ്ഞു. ഫലസ്തീന് യു.എന്നിൽ അംഗത്വം ലഭിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ഫലസ്തീന് അംഗത്വം ലഭിക്കണമെന്നത് ഇന്ത്യയുടെ ദീർഘനാളായുള്ള നിലപാടാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുസഭയുടെ പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൻ്റെ പ്ലീനറി യോഗം ഉടൻ വിളിക്കാനുള്ള തീരുമാനത്തെ പിന്തുണക്കുകയും ഈ യോഗത്തിൽ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്നും രുചിരം പറഞ്ഞു.
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചർച്ചകളിലൂടെ നേടിയെടുക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വത സമാധാനം നൽകൂവെന്ന് കാംബോജ് പറഞ്ഞു. “ഇസ്രായേലിൻ്റെ സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്ത് സുരക്ഷിതമായ അതിർത്തിക്കുള്ളിൽ ഒരു സ്വതന്ത്ര രാജ്യത്ത് ഫലസ്തീൻ ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം വലിയ തോതിലുള്ള സിവിലിയൻമാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ നഷ്ടപ്പെടുന്നതിനും മാനുഷിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല.
“ഭീകരതയ്ക്കും ബന്ദികളാക്കലിനും ഒരു ന്യായീകരണവുമില്ല. ഭീകരതയ്‌ക്കെതിരെ അതിൻ്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ദീർഘകാലവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യക്കുള്ളത്. ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായം അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.