ജിദ്ദ – ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 36 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദിവസങ്ങളായി ഉപരോധത്തില്‍ കഴിയുന്ന ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് പതിനേഴു പേര്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വീടുകളും അഭയാര്‍ഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ക്കെതിരെ ഇസ്രായില്‍ നാലു കൂട്ടക്കുരുതികള്‍ നടത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ജബാലിയയില്‍ കൊല്ലപ്പെട്ടവരില്‍ 12 പേര്‍ സ്ത്രീകളും കുട്ടികളുമാണ്. ജബാലിയയില്‍ അഭയാര്‍ഥികള്‍ കഴിയുന്ന എട്ടു സ്‌കൂളുകള്‍ക്കു നേരെ ഇരുപത്തിനാലു മണിക്കൂറിനിടെ ആക്രമണങ്ങളുണ്ടായതായി ഉത്തര ഗാസ സിവില്‍ ഡിഫന്‍സ് മേധാവി അഹ്മദ് കഹ്‌ലോത്ത് പറഞ്ഞു. ആക്രമണങ്ങള്‍ക്കു പിന്നാലെ 14 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നതെന്നും അഹ്മദ് കഹ്‌ലോത്ത് പറഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 110 ലേറെ പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.