സരസോട്ട(അമേരിക്ക) – മിൽട്ടൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ വൻനാശം വിതച്ചു. ശക്തമായ കാറ്റും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ദുരിതം സൃഷ്ടിച്ചു. 12 ദിവസത്തിനിടെ ഫ്ലോറിഡയില്‍ വീശുന്ന രണ്ടാമത്തെ കൊടുങ്കാറ്റാണിത്. ഇതിനു മുൻപ് ഹെലൻ കൊടുങ്കാറ്റായിരുന്നു ഫ്ലോറിഡയില്‍ നാശം വിതച്ചത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് എന്നാണ് ഫ്ലോറിഡ കൊടുങ്കാറ്റിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. വേലിയേറ്റത്തിന് മുൻപ് കൊടുങ്കാറ്റ് കരതൊട്ടത് വലിയ അപകടം ഒഴിവാകുന്നതിന് കാരണമായെന്നാണ് ഫ്ലോറിഡ ഗവർണർ റോണ്‍ ഡി സാന്റിസ് വ്യക്തമാക്കി. നാല് മീറ്റർ വരെ ഉയരത്തില്‍ തിരമാലകള്‍ എത്തിയേക്കാമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
ഫ്ലോറിഡയിലെ ഏകദേശം 30 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളപായമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു കൊടുങ്കാറ്റ് ഫ്ലോറിഡയിലെത്തിയത്. അതേസമയം നിലവിൽ കൊടുങ്കാറ്റിന്റെ വേഗത ഏകദേശം കുറഞ്ഞിട്ടുണ്ട്. മില്‍ട്ടണ്‍ കരതൊട്ടതിന് തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി. റ്റാമ്പ, സെന്റ്. പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ എന്നീ മേഖലകളിലാണ് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.