സന്‍ആ – ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനാല്‍ ഇസ്രായിലിനെതിരായ ആക്രമണങ്ങളും ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും നിര്‍ത്തിവെച്ചതായി യെമനിലെ ഹൂത്തി വിമതര്‍ സൂചന നല്‍കി. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സിനുള്ള കത്തിലാണ് തങ്ങളുടെ ആക്രമണങ്ങള്‍ നിലച്ചുവെന്നതിന്റെ വ്യക്തമായ സൂചന ഹൂത്തികള്‍ നല്‍കിയത്. ‘ഞങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗാസക്കെതിരെ ആക്രമണം പുനരാരംഭിച്ചാല്‍, ഇസ്രായിലിനുള്ളിലെ സൈനിക നടപടികളിലേക്ക് മടങ്ങുമെന്നും ചെങ്കടലിലും അറബിക്കടലിലും ഇസ്രായിലി കപ്പലുകള്‍ക്കുള്ള നിരോധനം പുനഃസ്ഥാപിക്കുമെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’ – കത്തിൽ പറയുന്നു. എന്നാൽ ആക്രമണം നിര്‍ത്തിവെച്ചതായി ഹൂത്തികള്‍ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.
ഇസ്രായില്‍-ഹമാസ് യുദ്ധത്തിനിടെ ഇസ്രായിലിനും കപ്പലുകള്‍ക്കും നേരെയുള്ള ആക്രമണങ്ങളിലൂടെ ഹൂത്തികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. യുദ്ധം നിര്‍ത്താന്‍ ഇസ്രായിലിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഹൂത്തികള്‍ പറഞ്ഞു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം ഹൂത്തികള്‍ ഒരു ആക്രമണവും നടത്തിയിട്ടില്ല. കപ്പലുകള്‍ക്കെതിരായ ഹൂത്തികളുടെ ആക്രമണങ്ങളില്‍ കുറഞ്ഞത് ഒമ്പത് നാവികര്‍ കൊല്ലപ്പെടുകയും നാല് കപ്പലുകള്‍ മുങ്ങുകയും ചെയ്തു. ഇത് ചെങ്കടലിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തി. യുദ്ധത്തിന് മുമ്പ് എല്ലാ വര്‍ഷവും ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ ചെങ്കടലിലൂടെ കടന്നുപോയിരുന്നു.
സെപ്റ്റംബര്‍ 29 ന് ഡച്ച് പതാക വഹിച്ച ചരക്ക് കപ്പലായ മിനെര്‍വാഗ്രാറ്റില്‍ ഹൂത്തികളുടെആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ കപ്പലിലെ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഹൂത്തികള്‍ സൗദി അറേബ്യയെ ഭീഷണിപ്പെടുത്തുകയും തെളിവുകളില്ലാതെ ചാരന്മാരാണെന്ന് ആരോപിച്ച് യു.എന്‍ ഏജന്‍സികളിലെയും മറ്റ് സഹായ ഗ്രൂപ്പുകളിലെയും ഡസന്‍ കണക്കിന് തൊഴിലാളികളെ തടവുകാരായി പിടിക്കുകയും ചെയ്തു. ഹൂത്തികളുടെ ആരോപണം യു.എന്നും മറ്റുള്ളവരും ശക്തമായി നിഷേധിച്ചിരുന്നു.



