തെൽ അവിവ് – ഇസ്രായിലിലെ സുപ്രധാന വിമാനത്താവളമായ തെൽ അവിവ് ബെൻ ഗുറിയോൺ എയർപോർട്ടിനു നേരെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യമനിലെ ഹൂത്തികൾ. ഫലസ്തീൻ 2 ഹൈപ്പർ സോണിക് മിസൈൽ, ദുൽഫുഖാർ മിസൈൽ, ജാഫ ഡ്രോൺ എന്നിവ ഉപയോഗിച്ചു നടത്തിയ ആക്രമണം വിജയകരമാണെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരീ പറഞ്ഞു. അതേസമയം, ഹൂത്തികളുടെ മിസൈലുകളെ നിർവീര്യമാക്കിയതായി ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു.
അർധരാത്രി രണ്ടു മണിയോടെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് തെൽ അവിവ് അടക്കം ഇസ്രായിലിന്റെ നിരവധി ഭാഗങ്ങളിൽ അപകട സൈറൺ മുഴങ്ങുകയും പത്തുലക്ഷത്തോളം ആളുകൾ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള ഗതാഗതവും വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്റിംഗും ഒരു മണിക്കൂർ നേരത്തേക്ക് തടസ്സപ്പെട്ടു.
വെള്ളിയാഴ്ച യമനിലെ ഹുദൈദ, സാലിഫ് പോർട്ടുകൾക്കു നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മെയ് ആദ്യവാരത്തിൽ ഹൂത്തികൾ അയച്ച മിസൈൽ ബെൻ ഗുറിയോൺ എയർപോർട്ടിൽ പതിക്കുകയും വൻ ഗർത്തം രൂപപ്പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് നിരവധി അന്താരാഷ്ട്ര കമ്പനികൾ തെൽ അവിവിലേക്കുള്ള സർവീസ് റദ്ദാക്കി. ഇതിനു മറുപടിയായി ഇസ്രായിൽ യമനിലെ സൻആ എയർപോർട്ടിൽ ശക്തമായ ആക്രമണം നടത്തി.