സന്‍ആ – യമനിലെ റൈമ ഗവര്‍ണറേറ്റില്‍ ഹൂത്തി നേതാവ് പതിനേഴുകാരിയായ ഭാര്യയെ കൊലപ്പെടുത്തി. ശേഷം മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ചില ഭാഗങ്ങള്‍ പല ഭാഗത്തായി ഉപേക്ഷിക്കുകയും ചെയ്തു. മനുഷ്യാവയവ കടത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ഹൂത്തി നേതാവ് ക്രൂരമായ കൊലപാതകം നടത്തിയത്. റൈമ ഗവര്‍ണറേറ്റില്‍ ഹൂത്തികള്‍ നിയമിച്ച കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ അബ്ദു ഇബ്രാഹിം ജരീദാണ് ഭാര്യയായ ഹസ്‌ന മുഹമ്മദ് അലി സ്വഗീര്‍ അല്‍ശാമിയെ കൊലപ്പെടുത്തിയതെന്ന് യെമന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയാണ് പെണ്‍കുട്ടിയെ ഹൂത്തി നേതാവ് വിവാഹം ചെയ്തത്.
പ്രതിയായ അബ്ദു ഇബ്രാഹിം അല്‍ജുബൈന്‍ നഗരത്തിലെ തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ട് വന്ന ശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് മൂന്ന് ദിവസം മൃതദേഹം ഒളിപ്പിച്ചുവെക്കുകയും തുടർന്ന് ശരീരം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ചില ഭാഗങ്ങള്‍ കത്തിക്കുകയും ശേഷിച്ച അവശിഷ്ടങ്ങള്‍ ശഹാത്ത് പ്രദേശത്തെ പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.
ഈ വര്‍ഷം ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിരവധി ഗാര്‍ഹിക പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യെമനിലെ 14 ഗവര്‍ണറേറ്റുകളില്‍ 123 പേരെയാണ് ബന്ധുക്കൾ കൊലപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങളില്‍ 46 പേര്‍ക്ക് പരിക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുമ്പ് അല്‍മുനീറ ജില്ലയില്‍ ഹൂത്തി സൂപ്പര്‍വൈസര്‍ ഫോട്ടോകള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്ന് അധ്യാപിക ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത ഭാര്യയെ മറ്റൊരു ഹൂത്തി നേതാവ് കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത്.
റൈമ ഗവര്‍ണറേറ്റിലെ മുഴുവന്‍ നിവാസികളും പ്രതിയെ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറണമെന്നും അയാളുടെ കൂട്ടാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരസ്യ വിചാരണ ചെയ്യണമെന്നും ഏറ്റവും കടുത്ത ശിക്ഷകള്‍ നല്‍കണമെന്നും നിര്‍ബന്ധം പിടിക്കുന്നുണ്ടെങ്കിലും, കുറ്റവാളിയെ ജുഡീഷ്യറിക്ക് കൈമാറാന്‍ ഹൂത്തികള്‍ വിസമ്മതിക്കുകയാണ്. അധ്യാപികയുടെ ആത്മഹത്യയില്‍ ഉള്‍പ്പെട്ട ഹൂത്തി സൂപ്പര്‍വൈസറെ ഇരയുടെ കുടുംബത്തിന്റെ പ്രതിഷേധങ്ങളും അറസ്റ്റിനുള്ള ആവശ്യങ്ങളും അവഗണിച്ച് ജയിലില്‍ നിന്ന് മോചിപ്പിച്ച് ഹൂത്തി നേതാക്കള്‍ സംരക്ഷണം നല്‍കുകയാണെന്നും യെമന്‍ നെറ്റ്വര്‍ക്ക് ഫോര്‍ റൈറ്റ്സ് ആന്റ് ഫ്രീഡംസ് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിലും അന്താരാഷ്ട്ര സമൂഹവും യു.എന്നും അസ്വസ്ഥമായ നിശബ്ദത പാലിക്കുകയാണ്. സിവിലിയന്മാരെ സംരക്ഷിക്കാനും യെമനില്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരായ സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും യെമന്‍ നെറ്റ്വര്‍ക്ക് ഫോര്‍ റൈറ്റ്സ് ആന്റ് ഫ്രീഡംസ് ആവശ്യപ്പെട്ടു.