സന്‍ആ – മധ്യഇസ്രായിലിലേക്ക് മിസൈല്‍ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കു കീഴിലെ മിസൈല്‍ സംഭരണ കേന്ദ്രത്തിലും ഹൂത്തികളുടെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിലും വ്യോമാക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. സന്‍ആയില്‍ നടത്തിയ ആക്രമണത്തിനിടെ ചെങ്കടലിന് മുകളിലൂടെ ഹൂത്തികള്‍ തൊടുത്തുവിട്ട കപ്പല്‍വേധ മിസൈലും നിരവധി ഡ്രോണുകളും വെടിവെച്ചിട്ടതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ തെല്‍അവീവില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.
സന്‍ആയില്‍ ബോംബാക്രമണം നടത്തിയത് അമേരിക്കയാണെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തില്‍ ഹൂത്തി നേതാവ് അബൂ അലി അല്‍ഹാകിം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇദ്ദേഹത്തിനൊപ്പം നാലു കൂട്ടാളികളും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
തെക്കന്‍ ചെങ്കടല്‍, ബാബ് അല്‍മന്ദബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെയുള്ള ആക്രമണം ഉള്‍പ്പെടെ ഹൂത്തി ആക്രമണങ്ങളെ തടസ്സപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയുമാണ് ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യു.എസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍, ബ്രിട്ടീഷ് സഖ്യസേനക്കു കീഴിലെ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സന്‍ആയില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായി. തലസ്ഥാനമായ സന്‍ആയുടെ തെക്കും കിഴക്കും അതാന്‍, നുഖും പര്‍വതനിരകളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവിടങ്ങളില്‍ നിന്ന് പുകയും തീജ്വാലകളും ഉയര്‍ന്നു. എന്നാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.
ചെങ്കടല്‍, അറബിക്കടല്‍, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ ഹൂത്തി ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി 2024 ജനുവരി 12 ന് ആണ് അമേരിക്കയും ബ്രിട്ടനും യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഗാസയെ പിന്തുണച്ചാണ് ഇസ്രായിലി കപ്പലുകളെയും ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഹൂത്തികള്‍ ഇസ്രായിലിനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കി. ഇത് പശ്ചിമ യെമനിലെ അല്‍ഹുദൈദയിലെ തുറമുഖങ്ങളിലും സന്‍ആയിലെ വൈദ്യുതി നിലയങ്ങളിലും വ്യോമാക്രമണം നടത്താന്‍ ഇസ്രായിലിനെ പ്രേരിപ്പിച്ചു. ഇസ്രായില്‍ ആക്രമണങ്ങളില്‍ അല്‍ഹുദൈദ തുറമുഖത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. ആക്രമണത്തില്‍ ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍, ബ്രിട്ടീഷ്, ഇസ്രായില്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഡസന്‍ കണക്കിന് ഹൂത്തി രാഷ്ട്രീയ, സൈനിക നേതാക്കള്‍ സന്‍ആയില്‍ നിന്ന് സഅദ, ഹജ്ജ, അംറാന്‍, അല്‍ഹുദൈദ എന്നിവിടങ്ങളിലേക്ക് രക്ഷപ്പെട്ടതായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹൂത്തികള്‍ ഇസ്രായിലില്‍ ഡസന്‍ കണക്കിന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.