സന്‍ആ – തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലിലെ ഈലാത്ത് തുറമുഖവും സൈനിക കേന്ദ്രവും ആക്രമിച്ചതായി യെമനിലെ ഹൂത്തി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലില്‍ ഒരേസമയം ഇരട്ട ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് ഡ്രോണുകള്‍ നെഗേവ് മേഖലയിലെ സയണിസ്റ്റ് ശത്രുവിന്റെ പ്രധാന സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ചു. മൂന്നാമത്തേത് അധിനിവിഷ്ട ഫലസ്തീനിലെ ഉം അല്‍റശ്‌റാശ് (ഈലാത്ത്) തുറമുഖത്തെ ലക്ഷ്യം വെച്ചു. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയെയും പോരാളികളെയും പിന്തുണക്കാനും ഗാസയിലെ നമ്മുടെ സഹോദരങ്ങള്‍ക്കെതിരെ ശത്രു നടത്തുന്ന വംശഹത്യാ കുറ്റകൃത്യത്തെ നിരാകരിക്കാനുമാണ് ഇസ്രായിലില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നും ഇത് വിജയകരമായി ലക്ഷ്യങ്ങള്‍ നേടിയതായും യഹ്‌യ സരീഅ് പറഞ്ഞു.
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതു വരെ ഇസ്രായിലിനെതിരായ ഞങ്ങളുടെ ആക്രമണങ്ങള്‍ തുടരും. ഗാസയിലെ ആക്രമണത്തെയും ഉപരോധത്തെയും നിരാകരിക്കുന്നതിലും അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കെതിരായ ഇസ്രായിലിന്റെ നിയമ ലംഘനങ്ങള്‍ നിരസിക്കുന്നതിലും യെമന്റെ ശേഷികളും സാധ്യതകളും അനുസരിച്ച് യെമന്‍ തങ്ങളുടെ പങ്ക് നിറവേറ്റുന്നതായും ഹൂത്തി സൈനിക വക്താവ് പറഞ്ഞു.
2023 ഒക്ടോബര്‍ മുതല്‍ ഹൂത്തികള്‍ ഇസ്രായിലിനും ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഗാസയെ പിന്തുണച്ചാണ് ഇസ്രായിലി കപ്പലുകളുടെയും ഇസ്രായിലിലേക്ക് പോകുന്ന കപ്പലുകളുടെയും നീക്കം തടയാന്‍ ശ്രമിച്ച് ആക്രമണം നടത്തുന്നതെന്ന് ഹൂത്തികള്‍ അവകാശപ്പെടുന്നു. ഇതിനു മറുപടിയായി, 2024 ജൂലൈയില്‍ യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണം ആരംഭിച്ചു. അല്‍ഹുദൈദ തുറമുഖം, സന്‍ആ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.