തെല്‍അവീവ് – നെഗേവിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തി വിഭാഗം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചു. 2023 അവസാനത്തോടെ ഹൂത്തികള്‍ ഇസ്രായിലിനെതിരെ ആക്രമണം ആരംഭിച്ച ശേഷം ഇസ്രായിലില്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ നേരിട്ട് ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. യെമനില്‍ നിന്ന് ഹൂത്തികള്‍ വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഡ്രോണുകളില്‍ ഒന്ന് റാമോണ്‍ വിമാനത്താവള പ്രദേശത്ത് വീണതായും സംഭവം അന്വേഷിക്കുകയാണെന്നും സൈന്യം പിന്നീട് വ്യക്തമാക്കി.
ഹൂത്തി ഡ്രോണ്‍ ഇടിച്ചതിനെ തുടര്‍ന്ന് നെഗേവിലെ റാമോണ്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചതായി ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ചാണ് ഇസ്രായിലിനും ഇസ്രായിലി തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്കും നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തന്നതെന്നും ഇസ്രായില്‍ യുദ്ധം അവസാനിപ്പിച്ച് ഗാസയിലേക്ക് സഹായങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതുവരെ ആക്രമണങ്ങള്‍ അവസാനിക്കില്ലെന്നും ഹൂത്തി ഗ്രൂപ്പ് പറയുന്നു. ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു ഇസ്രായിലി കൊല്ലപ്പെടുകയും നാല് കപ്പലുകള്‍ മുങ്ങുകയും ചെയ്തിരുന്നു. മറ്റൊരു കപ്പല്‍ ഹൂത്തികള്‍ തട്ടിക്കൊണ്ടുപോയി. കപ്പലുകള്‍ക്കു നേരെയുള്ള ഹൂത്തി ആക്രമണങ്ങളില്‍ കുറഞ്ഞത് ഒമ്പത് നാവികര്‍ കൊല്ലപ്പെട്ടു.
വ്യോമസേന മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അവയില്‍ രണ്ടെണ്ണം ഇസ്രായിലി വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വെടിവെച്ചിട്ടു. യെമനില്‍ നിന്ന് വിക്ഷേപിച്ച മറ്റൊരു ഡ്രോണ്‍ റാമോണ്‍ വിമാനത്താവള പ്രദേശത്ത് വീണു. അവിടെ അലാറങ്ങളൊന്നും മുഴങ്ങിയില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും എക്‌സ് പ്ലാറ്റ്ഫോമിലെ ട്വീറ്റില്‍ ഇസ്രായിലി സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു.
യെമനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ ചെങ്കടല്‍ നഗരമായ എലാറ്റിനടുത്തുള്ള റാമോണ്‍ വിമാനത്താവളത്തിലെ ആഗമന ഹാളില്‍ ഇടിച്ചതായി ഇസ്രായില്‍ വിമാനത്താവള അതോറിറ്റി അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും നിര്‍ത്തിവെച്ചു. എത്രയും വേഗം സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇസ്രായില്‍ വിമാനത്താവള അതോറിറ്റി പറഞ്ഞു.
ഓഗസ്റ്റ് 28 ന് സന്‍ആ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ പ്രധാനമന്ത്രിയും ഒമ്പത് മന്ത്രിമാരും രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിലൂടെ നേരിട്ട വന്‍ തിരിച്ചടി മറികടന്ന് ശക്തി സംഭരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൂത്തികള്‍ ഇസ്രായിലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.
സന്‍ആയിലെയും അല്‍ഹുദൈദയിലെയും ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ 15 തവണ വ്യോമാക്രമണം നടത്തി. ഏറ്റവും ശ്രദ്ധേയമായ ആക്രമണം നടന്നത് ഓഗസ്റ്റ് 28 നായിരുന്നു. പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രായിലിനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി ഭീഷണി മുഴക്കി.
മറ്റൊരു സംഭവത്തില്‍ ഇന്ന് രാവിലെ ഗാസ മുനമ്പില്‍ നിന്ന് ഇസ്രായിലിലേക്ക് രണ്ട് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഇസ്രായല്‍ സൈന്യം അറിയിച്ചു. ഇതില്‍ ഒന്ന് ഇസ്രായില്‍ സൈന്യം തടഞ്ഞു. മറ്റൊന്ന് തുറന്ന പ്രദേശത്ത് പതിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു. ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗമായ അല്‍ഖുദ്സ് ബ്രിഗേഡ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രതികരണമായാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് അല്‍ഖുദ്സ് ബ്രിഗേഡ്സ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായില്‍ സൈന്യം ഗാസ നഗരത്തില്‍ ആക്രമണം തുടരുന്നതിനാല്‍ ഇതുവരെ ഏകദേശം ഒരു ലക്ഷം പേര്‍ ഗാസ നഗരം വിട്ടുപോയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ താമസിക്കുന്നത് ഗാസ സിറ്റിയിലാണ്.
ഗാസ നഗരത്തിലെ നിരവധി പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും ഉടന്‍ ഒഴിയണമെന്ന് ഇസ്രായില്‍ സൈന്യം അടിയന്തരവും ആവര്‍ത്തിച്ചുള്ളതുമായ മുന്നറിയിപ്പ് നല്‍കി. നിര്‍ദിഷ്ട കെട്ടിടങ്ങള്‍ ആസന്നമായ ആക്രമണത്തിന് വിധേയമാകുമെന്ന് സൈന്യം സൂചിപ്പിച്ചു. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഈ കെട്ടിടങ്ങള്‍ക്കുള്ളിലോ സമീപത്തോ സ്ഥിതിചെയ്യുന്നുണ്ടെന്ന് സൈന്യം ആരോപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മൂന്നു കുട്ടികള്‍ അടക്കം അഞ്ചു പേര്‍ കൂടി മരണപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗാസയില്‍ പട്ടിണി മരണം 387 ആയി. ഇതില്‍ 138 പേര്‍ കുട്ടികളാണ്.