ജിദ്ദ – ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.
ചെങ്കടലില്‍ ഹൂത്തികളുടെ ആക്രമണം വീണ്ടും ഉയര്‍ന്നത് സൂയസ് കനാലിലെ നാവിഗേഷന്‍ പ്രതിസന്ധി തുടരാന്‍ ഇടയാക്കുകയാണെന്ന് ഈജിപ്ഷ്യന്‍ സൊസൈറ്റി ഫോര്‍ ഇക്കണോമിക്സ് ആന്റ് ലെജിസ്ലേഷന്‍ അംഗം വലീദ് ജാബല്ല പറഞ്ഞു. അന്താരാഷ്ട്ര ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകളെ തുടര്‍ച്ചയായി ലക്ഷ്യം വെക്കുന്നത് സൂയസ് കനാലിന്റെ നഷ്ടം വര്‍ധിപ്പിക്കുകയും സാധാരണ നിലയിലുള്ള കപ്പല്‍ ഗതാഗതം തിരിച്ചുവരുന്നത് തടയുകയും ചെയ്യുന്നതായി വലീദ് ജാബല്ല പറഞ്ഞു.
പ്രാദേശിക സംഘര്‍ഷങ്ങളുടെ ഫലമായ സാമ്പത്തിക ആഘാതങ്ങളെ കുറിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പരാതിപ്പെടുന്നു. 2023 നവംബര്‍ മുതല്‍ ചെങ്കടലിലെ അസ്വസ്ഥതയും ബാബ് അല്‍മന്ദബ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങളും സൂയസ് കനാലിലെ വരുമാനത്തെ ബാധിച്ചതായി ഈജിപ്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സൂയസ് കനാല്‍ വരുമാനത്തില്‍ 700 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി സര്‍ക്കാര്‍ പറഞ്ഞു.
ബാബ് അല്‍മന്ദബ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ മുന്‍ ആക്രമണങ്ങളുടെ ഫലമായി സൂയസ് കനാല്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നു. ഇത് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ ബദല്‍ റൂട്ടുകളിലേക്ക് തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതായി വലീദ് ജാബല്ല പറഞ്ഞു. സൂയസ് കനാലിനുണ്ടാകുന്ന തുടര്‍ച്ചയായ നഷ്ടത്തിന് ഒരു പ്രധാന കാരണം പ്രാദേശിക സംഭവവികാസങ്ങളാണ്. അന്താരാഷ്ട്ര ഷിപ്പിംഗ് ഏജന്‍സികളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും കനാലിലൂടെ കടന്നുപോകുന്നതിന് ഓഫറുകളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെയും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് വലീദ് ജാബല്ല പറഞ്ഞു. 1,30,000 ടണ്ണോ അതില്‍ കൂടുതലോ മൊത്തം ഭാരമുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് 90 ദിവസത്തേക്ക് ടോള്‍ ഫീസില്‍ 15 ശതമാനം ആനുകൂല്യങ്ങളും കിഴിവുകളും നല്‍കാന്‍ മെയ് പകുതിയോടെ സൂയസ് കനാല്‍ അതോറിറ്റി തീരുമാനിച്ചിരുന്നു.
കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം ഇരട്ടിയാക്കാനും ഗതാഗത സമയം കുറക്കാനും നാവിഗേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കനാല്‍ അതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കനാലില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്താനും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും അതോറിറ്റി പ്രവര്‍ത്തിച്ചു. ചെങ്കടലിലെ ഷിപ്പിംഗ് ഗതാഗതം ഉറപ്പാക്കാനായി ഒമാന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ മേയില്‍ അമേരിക്കയുമായി ഹൂത്തികള്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനു ശേഷമാണ് ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കു നേരെ ഹൂത്തികള്‍ വീണ്ടും ആക്രമണം ആരംഭിച്ചത്. സമീപകാല ഹൂത്തി ആക്രമണങ്ങളെ അമേരിക്ക അപലപിച്ചു. അവ ന്യായീകരിക്കാനാകാത്ത ഭീകരപ്രവര്‍ത്തനമാണെന്ന് വിദേശ മന്ത്രാലയ വക്താവ് ടാമി ബ്രൂസ് പറഞ്ഞു.